പീഡനത്തിനിരയാക്കിയവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ തന്നോടൊപ്പം ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് ഇരയോട് പൊലീസ് ഉദ്യോഗസ്ഥന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd June 2017 10:14 AM |
Last Updated: 22nd June 2017 03:27 PM | A+A A- |

റാംപൂര്‍: തന്നെ പീഡനത്തിന് ഇരയാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയോട് തന്നോടൊപ്പം ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ ആരോപണം.
തന്നെ പീഡിപ്പിച്ചവര്‍ സമൂഹത്തില്‍ സ്വതന്ത്രമായി നടക്കുന്നുവെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ ആദ്യം തനിക്കൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം.
യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം നിഷേധിച്ചതോടെ യുവതി പീഡനത്തിന് ഇരയായ കേസിലെ അന്വേഷണം ഉദ്യോഗസ്ഥന്‍ അവസാനിപ്പിച്ചു. വീണ്ടും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയ യുവതി സംഭഷണമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ആരോപണവിധേയനായ എസ്‌ഐക്കെതിരെ എസ്പി അന്വേഷണം പ്രഖ്യാപിച്ചു. ഫെബ്രുവരി 12നായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ഒരാളെ യുവതിക്ക് നേരത്തെ അറിയുന്നതായിരുന്നിട്ടും, പ്രതികള്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ല.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പൊലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.