ജയില്‍വാസം മടുത്തു; തന്നെ കൊന്നുതരണമെന്ന് റോബര്‍ട്ട് പയസ്

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരല്‍ ഒരാളാണ് റോബര്‍ട്ട്
ജയില്‍വാസം മടുത്തു; തന്നെ കൊന്നുതരണമെന്ന് റോബര്‍ട്ട് പയസ്

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബര്‍ട്ട് പയസ് തന്നെ ദയാ വധത്തിന് വിധേയമാക്കണം എന്നഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ പളനിസാമിക്ക് കത്തയച്ചു. ജയില്‍വാസം തുടങ്ങി 26 വര്‍ഷം കഴിഞ്ഞിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ദയാവധം അഭ്യര്‍ത്ഥിക്കുന്നതെന്ന് റോബര്‍ട്ട് കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റു പ്രതികള്‍ക്കൊപ്പം വെല്ലൂര്‍ ജയിലിലാണ് റോബര്‍ട്ടും കഴിയുന്നത്. 

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മാനസ്സികമായി തകര്‍ന്നതിലാണ് കത്തയക്കുന്നതെന്നും കത്തില്‍ പറയുന്നു. മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന ജയില്‍വാസം മാനസ്സികമായി തളര്‍ത്തി. ജയില്‍ മോചനം അസാധ്യമാണെന്ന് മനസ്സിലായി.ഈ സാഹചര്യത്തില്‍ ദയാവധത്തിനെങ്കിലും മനസ്സുണ്ടാകണം, റോബര്‍ട്ട് കത്തില്‍ പറയുന്നു. 

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരല്‍ ഒരാളാണ് റോബര്‍ട്ട്. ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് വധശിയാണ് വിധിച്ചത്.

ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ,  ജസ്റ്റിസ് പി. സദാശിവം സുപ്രീകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് ഇരെ വിട്ടയക്കാന്‍  2014ല്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു.  യു.പിഎ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപച്ച് ഇത് തടഞ്ഞു.

25 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ ഇവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കത്തയച്ചിരുന്നു. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com