ഞങ്ങള്‍ക്ക് ജിടിഎ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഗൂര്‍ഖാലാന്‍ഡ്: ട്യൂബ്ലൈറ്റുകള്‍ ദേഹത്ത് അടിച്ച് പൊട്ടിച്ച് പ്രതിഷേധം

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നടത്തുന്ന സമരം തുടരുന്നു.
ഞങ്ങള്‍ക്ക് ജിടിഎ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഗൂര്‍ഖാലാന്‍ഡ്: ട്യൂബ്ലൈറ്റുകള്‍ ദേഹത്ത് അടിച്ച് പൊട്ടിച്ച് പ്രതിഷേധം

ഡാര്‍ജലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നടത്തുന്ന സമരം തുടരുന്നു. മേഖലയിലെ ഭരണസമിതിയായ ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും ട്യൂബ് ലൈറ്റുകള്‍ ദേഹത്ത് അടിച്ചു പൊട്ടിച്ചുമാണ് പ്രതിഷേധം. 

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും മേഖലയില്‍ അതിശക്തമായ പ്രതിഷേധ സമരം തുടരുകയാണ്. റോഡില്‍ പ്രതിഷേധം നടത്തിയ സമരക്കാര്‍ ട്യൂബ് ലൈറ്റുകള്‍ നെഞ്ചിലും തലയിലും അടിച്ചു പൊട്ടിക്കുകയായിരുന്നു. പലര്‍ക്കും ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്റെ പകര്‍പ്പ് ഡാര്‍ജിലിങ്ങിന്റെ പലമേഖലകളിലും കത്തിച്ചു.

ഞങ്ങള്‍ക്ക് ജിടിഎ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഗൂര്‍ഖാലാന്‍ഡ് ആണ്. പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി മുന്നോട്ടു പോകും. ജിഡിഎ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ജിടിഎ പകര്‍പ്പ് കത്തിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണെന്നും ജിജെഎം നേതാവ് പറഞ്ഞു. 

ഡാര്‍ജിലിങ് കുന്നുകളില്‍ അര്‍ധ സ്വയംഭരണാധികാരമുള്ള ഭരണസമിതിയാണ് ജിടിഎ. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ജിജെഎമ്മുമായി ഉണ്ടാക്കിയ കരാര്‍ ആണിത്. 2011 സെപ്റ്റബര്‍ രണ്ടിന് ബംഗാള്‍ നിയമസഭയില്‍ ഈ ബില്ല് പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിടിഎയ്ക്ക് പ്രസക്തിയുമില്ലെന്നാണ് ജിജെഎം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com