കേന്ദ്രജീവനക്കാരുടെ അലവന്‍സ് പുതുക്കി നിശ്ചയിച്ചു

ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കേന്ദ്രജീവനക്കാരുടെ അലവന്‍സ് പുതുക്കി നിശ്ചയിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുതുക്കി. ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അലവന്‍സ് പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്.

34 ഭേദഗതികളോടെയാണ് ശമ്പള കമ്മീഷന്‍ നല്‍കിയ അലവന്‍സ് ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചത്. 34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സൈനികരുടെ സിയാച്ചിന്‍ അലവന്‍സ് പ്രതിമാസം 14,000 രൂപയായിരുന്നത് 30,000 രൂപയായും സൈനിക ഓഫീസര്‍മാരുടേത് 21,000 രൂപയില്‍ നിന്ന് 42,500 രൂപയായും വര്‍ധിപ്പിച്ചു.

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീട്ടുവാടക ബത്ത ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്, വൈ, ഇസഡ് വിഭാഗങ്ങള്‍ക്ക് യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 24%, 16%, 8%  വീട്ടുവാടകബത്തയാണ് ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളില്‍ വീട്ടുവാടക ബത്ത യഥാക്രമം 5400, 3600, 1800 എന്നിവയില്‍ കുറയരുതെന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്.

ആശുപത്രി ജീവനക്കാരുടേയും ഡോക്ടര്‍മാരുടേയും അലവന്‍സിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. നേഴ്‌സിങ് അലവന്‍സ് 4800 രൂപയില്‍ നിന്ന് 7200 രൂപയായി വര്‍ധിപ്പിച്ചു. ഓപ്പറേഷന്‍ തിയേറ്റര്‍ അലവന്‍സ് 360 രൂപയായിരുന്നത് 540 രൂപയാക്കി. രോഗികളുടെ സഹായികള്‍ക്ക് നല്‍കുന്ന ബത്ത 20702100 ആയിരുന്നത് 4100- 5300 സ്ലാബിലേക്ക് ഉയര്‍ത്തി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com