എല്ലാവര്‍ക്കും സിസേറിയന്‍; മുംബൈയിലെ ആശുപത്രി കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്

മുംബൈയിലെ സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ തട്ടിപ്പ് വിവരാവകാശ നിയമപ്രകാരം പുറത്ത്‌
എല്ലാവര്‍ക്കും സിസേറിയന്‍; മുംബൈയിലെ ആശുപത്രി കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്

മുംബൈ: പണം ലക്ഷ്യമിട്ട് അനാവശ്യ സിസേറിയനുകള്‍ നടത്തുന്ന മുംബൈയിലെ സ്വകാര്യ ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ പുറത്തുവന്നതോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ സിസേറിയന്‍ കൊള്ളയെ കുറിച്ച് പുറംലോകമറിയുന്നത്.  

2010 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് സിസേറിയനുകള്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത്. 2010ല്‍ 87509 സുഖ പ്രസവങ്ങളാണ് മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഇവിടെ നടന്ന സിസേറിയനുകളാകട്ടെ 9593. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 59540 സുഖ പ്രസവങ്ങള്‍ നടന്നപ്പോള്‍, 21299 സിസേറിയനുകളാണ് നടത്തിയത്. ആകെ നടന്ന പ്രസവങ്ങളില്‍ 11 ശതമാനം സിസേറിയനുകളായിരുന്നു. 

2015ലാകട്ടെ 64816 സുഖപ്രസവങ്ങളാണ് മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. 21744 സിസേറിയനുകളും. എന്നാലിതേ വര്‍ഷം സ്വകാര്യ ആശുപത്രികളില്‍ 44732 സുഖ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 34465 സിസേറിയനുകളാണ് നടന്നത്. സ്വകാര്യ ആശുപത്രികളില്‍ ആകെ നടന്ന പ്രസവങ്ങളുടെ 23 ശതമാനം സിസേറിയനുകളായിരുന്നു എന്ന് ചുരുക്കം.

മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന സിസേറിയനുകളേക്കാള്‍ പതിന്‍മടങ്ങാണ് ഇവിടുത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പണം ലക്ഷ്യമിട്ട് ഡോക്റ്റര്‍മാര്‍ സിസേറിയന്‍ നടത്തുന്നതാണ് ഉചിതമെന്ന് വിധിയെഴുതുകയും ബന്ധുക്കളെ ഇത് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

സുബര്‍ണ ഘോഷ് എന്ന വ്യക്തിക്കാണ് മുംബൈയില്‍ നടന്ന സിസേറിയനുകളുടെ വിവരങ്ങള്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പബ്ലിക് ഹെല്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയത്. ഇതിന്റെയടിസ്ഥാനത്തില്‍ സിസേറിയന്‍ തട്ടിപ്പിനെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് സുബര്‍ണ.

എന്നാലിപ്പോള്‍ സ്വകാര്യ ആശുപത്രികളുടെ തട്ടിപ്പിനെിരെ മുംബൈയിലെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്  എന്ന വെബ്‌സൈറ്റില്‍ സുബര്‍ണ തുടങ്ങിവെച്ച ക്യാംപെയ്‌നില്‍ 1.4 ലക്ഷം ജനങ്ങള്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. കേന്ദ്ര  വനിത ശിഷു ക്ഷേമ മന്ത്രി മനേക ഗാന്ധിയുടെ ശ്രദ്ധയിലേക്കാണ് സുബര്‍ണ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com