കാര്‍ട്ടൂണുകള്‍ രാഷ്ട്രപതിയുടെ പുകവലി നിര്‍ത്തിച്ചു

പ്രണബ് മുഖര്‍ജിയെ വരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ചുണ്ടില്‍ പൈപ്പുംകൂടി ചേര്‍ത്തു
കാര്‍ട്ടൂണുകള്‍ രാഷ്ട്രപതിയുടെ പുകവലി നിര്‍ത്തിച്ചു

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി തരക്കേടില്ലാത്ത പുകവലിക്കാരനായിരുന്നു. പൈപ്പും കടിച്ചുപിടിച്ചായിരുന്നു മിക്കവാറും കണ്ടിരുന്നത്. പൊടുന്നനെയാണ് രാഷ്ട്രപതിയുടെ ചുണ്ടത്തുനിന്നും ആ പൈപ്പ് കാണാതായത്. ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പ്രായമാകുന്തോറും കൂടിക്കൂടി വരികയും പുകവലി പോലുള്ള ദുശ്ശീലങ്ങളൊക്കെ അവസാനിക്കുന്നതൊക്കെ സര്‍വ്വസാധാരണം. രാഷ്ട്രപതിയുടെ പുകവലിശീലം അങ്ങനെ അവസാനിച്ചതാണ് എന്നാണ് കരുതിയതെങ്കില്‍ തെറ്റി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുകവലിശീലം മനസ്സിലാക്കിയ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രണബ് മുഖര്‍ജിയെ വരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ചുണ്ടില്‍ പൈപ്പുംകൂടി ചേര്‍ത്തു. പൈപ്പ് ഇല്ലാത്ത പ്രണബ് മുഖര്‍ജിയെ വരയ്ക്കുക എന്നാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രയാസം. ഓരോരുത്തര്‍ക്കും ഓരോ 'ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്' കാര്‍ട്ടൂണിസ്റ്റുകള്‍ കണ്ടെത്തും. പ്രണബ് മുഖര്‍ജിയുടെ 'ഐഡന്റിഫിക്കേഷന്‍ മാര്‍ക്കാ'യി കാര്‍ട്ടൂണിസ്റ്റുകള്‍ കണ്ടെത്തിയത് പൈപ്പായിരുന്നു. പൈപ്പ് വിത്ത് പ്രണബ് കാര്‍ട്ടൂണുകള്‍ കണ്ടുകണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരു തീരുമാനത്തിലെത്തി: ഇനി പൈപ്പ് വലിക്കുന്നില്ല. പുകവലിയേയില്ല.
കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചുവരച്ചാണ് രാഷ്ട്രപതിയുടെ പുകവലി നിന്നതെന്ന് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയാണ് പറഞ്ഞത്.
പ്രണബിന്റെ പുകവലി നിര്‍ത്താനുള്ള തീരുമാനം കുറച്ചുകാലത്തേക്ക് കാര്‍ട്ടൂണിസ്റ്റുകള്‍ അറിഞ്ഞതായി ഭാവിച്ചില്ല. കാരണം മറ്റൊന്നുമല്ല; അത്രയുംകാലം പൈപ്പോടുകൂടി വരച്ചിരുന്ന ഒരാളെ പെട്ടെന്നൊരു ദിവസം അതില്ലാതെ വരയ്ക്കുമ്പോള്‍ എന്തോ ആളുമാറിയതുപോലെ. പതിയെപ്പതിയെ പൈപ്പില്ലാത്ത രാഷ്ട്രപതിയിലേക്ക് കാര്‍ട്ടൂണിസ്റ്റുകളും മാറി.
തന്നെ വിമര്‍ശിച്ച് നേരെയാക്കിയ കാര്‍ട്ടൂണിസ്റ്റുകളോട് രാഷ്ട്രപതിയ്ക്ക് ഒരു അനിഷ്ടവും ഇല്ലെന്ന് വേണു രാജാമണി പറയുന്നു. സൗഹൃദത്തെ വിചാരിച്ച് വിമര്‍ശനങ്ങള്‍ കുറയ്ക്കരുതെന്നാണ് കാര്‍ട്ടൂണിസ്റ്റുകളോടുള്ള രാഷ്ട്രപതിയുടെ അഭ്യര്‍ത്ഥന. ക്ഷേമരാഷ്ട്ര നിര്‍മ്മാണത്തിന് കാര്‍ട്ടൂണുകള്‍ അവയുടേതായ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് രാഷ്ട്രപതിയുടെ അഭിപ്രായം. ഒരു ദുശ്ശീലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയത്തിന്റെ ദുശ്ശീലങ്ങളെയും മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com