അന്ന് 300 തെരഞ്ഞെടുപ്പ് റാലികള്‍;  ഇന്ന് മുലായത്തിന്‌ രണ്ടെണ്ണം മാത്രം

2012ല്‍ മുന്നൂറിലധികം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത മുലായം ഈ വര്‍ഷം സാന്നിധ്യമറിയിച്ചത് രണ്ടിടങ്ങളില്‍ മാത്രം
അന്ന് 300 തെരഞ്ഞെടുപ്പ് റാലികള്‍;  ഇന്ന് മുലായത്തിന്‌ രണ്ടെണ്ണം മാത്രം

ലഖ്‌നൗ: ഭരണം നിലനിര്‍ത്താന്‍ അഖിലേഷ് യാദവ് മുന്നില്‍ നിന്നു നയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന് മുലായം സിങ് യാദവ്. ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാനായി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായ പോരാട്ടം നടത്തുമ്പോള്‍ രണ്ട് തെരഞ്ഞെടുപ്പ് പ്രാചാരണ യോഗങ്ങളില്‍ മാത്രമാണ് മുലായം തന്റെ സാന്നിധ്യമറിയിച്ചത്. 

2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം തെരഞ്ഞെടുപ്പ് റാലികളിലാണ് മുലായം പങ്കെടുത്തിരുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ മുലായം സാന്നിധ്യമറിയിച്ചത് 18 തെരഞ്ഞെടുപ്പ് റാലികളിലും. പാര്‍ട്ടിയില്‍ അഖിലേഷ് തന്റെ മേധാവിത്വം ഉറപ്പിച്ചതിന് ശേഷം പൂര്‍ണമായും പിന്‍വാങ്ങുന്ന സമീപനമാണ് മുലായത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. 

മരുമകള്‍ അപര്‍ണ യാദവിനും, സഹോദരന്‍ ശിവ്പാല്‍ സിങ് യാദവിനും വേണ്ടി മാത്രമാണ് മുലായം ഈ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയില്‍ മുലായത്തിന്റെ രാഷ്ട്രീയ സ്വാധീനം രണ്ട് മണ്ഡലങ്ങളില്‍ മാത്രമായി ചുരുങ്ങിയെന്നാണ് മറ്റ് പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം. 

പുത്രസ്‌നേഹത്തിന് അടിമപ്പെട്ടിരിക്കുകയാണ് മുലായം എന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പരിഹാസം. മുലായം എസ്പിയുടെ സൈക്കിള്‍ പഞ്ചറാക്കിയപ്പോള്‍ ശിവ്പാല്‍ സൈക്കിളിന്റെ ചെയ്ന്‍ നശിപ്പിക്കുകയാണുണ്ടായതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കളിയാക്കിയിരുന്നു. 

ഏഴ് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ട തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചിരുന്നു. ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം വെള്ളിയാഴ്ച അവസാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com