ആറാംഘട്ടം പരസ്യപ്രചാരണം അവസാനിച്ചു

അമിത്ഷാ നടത്തിയ റോഡ്‌ഷോ ആയിരുന്നു ആറാംഘട്ടത്തിലെ അവസാനദിവസത്തെ പരസ്യപ്രചാരണത്തിലെ കേന്ദ്രബിന്ദു 
ആറാംഘട്ടം പരസ്യപ്രചാരണം അവസാനിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യപ്രചാരണം സമാപിച്ചു. 7 ജില്ലകളിലെ 49 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  ആറാംഘട്ടം  65പേരാണ് മത്സരംഗത്തുള്ളത്. ഖൊരക്പൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ്‌ഷോ ആയിരുന്നു ആറാംഘട്ടത്തിലെ അവസാനദിവസത്തെ പരസ്യപ്രചാരണത്തിലെ കേന്ദ്രബിന്ദു. 4 മണിക്കൂര്‍ നീണ്ടതായിരുന്നു റോഡ്‌ഷോ. ഇതോടെ മറ്റുഘട്ടങ്ങളിലെന്ന പോലെ ആവേശകരമായിമാറി ആറാംഘട്ട പരസ്യപ്രചാരണവും. 
ഖൊരക്പൂര്‍ മണ്ഡലത്തിലാണ്  ഏറ്റവും ശ്രദ്ധേയമായ മത്‌സരം നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥാണ് ഇവിടെ മത്സരരംഗത്തുള്ളത്. ഈ മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഖൊരക്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ലോക്‌സഭാ സീറ്റിലെ മുന്നേറ്റം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായിട്ടും ഈ ജില്ലകളില്‍ കാര്യമായ ക്ഷീണം ബിഎസ്പിക്കില്ലായിരുന്നു. ഇത്തവണ ഈ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ മായാവതിക്ക് കിട്ടിയാലും അത്ഭുതപ്പെടാനില്ല. അത്രയേറെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നേറിയിട്ടുണ്ട ബിഎസ്പി. അതേസമയം പര്‍ദ്ദ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാന്‍ ബൂത്തുകളില്‍ വനിത പൊലീസിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ അര്‍ധസൈന്യത്തെ നിയോഗിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 
2012ലെ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളില്‍ 27 എണ്ണവും വിജയിച്ചത് എസ്പിയായിരുന്നു. ഏഴ് സീറ്റുകള്‍ ബിഎസ്പിക്ക് ലഭിച്ചപ്പോള്‍ 4 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് രണ്ടെണ്ണത്തിലൊതുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com