രാഷ്ട്രീയ നേതാക്കള്‍ക്ക് അസഹിഷ്ണുത പാടില്ല: രാഷ്ട്രപതി

എതിരഭിപ്രായമുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന്‌രാഷ്ട്രപതി
രാഷ്ട്രീയ നേതാക്കള്‍ക്ക് അസഹിഷ്ണുത പാടില്ല: രാഷ്ട്രപതി

കൊച്ചി: രാജ്യത്തുയരുന്ന ദേശീയതാ വിവാദത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രീയ നേതാക്കള്‍ സഹിഷ്ണുത പ്രകടിപ്പിക്കണമെന്ന് രാഷ്ട്രപതി കൊച്ചിയില്‍ പറഞ്ഞു. 

സ്ത്രീകളോടുള്ള സമീപനം ശരിയായ രീതിയിലല്ലെങ്കില്‍ ഒരു രാജ്യം സംസ്‌കാര സമ്പന്നമല്ലെന്ന് പറയാന്‍ സാധിക്കില്ല. രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുന്ന ആശയങ്ങള്‍ സര്‍വകലാശാലകളില്‍ നിറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കുന്നു. 

ഡല്‍ഹി സര്‍വകലാശാലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങളുടേയും, കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരായ രാഷ്ട്രപതിയുടെ പരാമര്‍ശം കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. 

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പരിക്കേല്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിനാണ്. ഭരണഘടന മാത്രമല്ല സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കുന്നത്. സത്രീകള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും രാഷ്ട്രപതി പറഞ്ഞു. 

സ്വതന്ത്ര്യ ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്നതാണ് ആര്‍ഷ ഭാരത സംസ്‌കാരം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നു. എതിരഭിപ്രായമുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com