യുപിയും മണിപ്പൂരും പോളിങ് ബൂത്തില്‍

ഉത്തര്‍പ്രദേശ് ആറാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ മണിപ്പൂരില്‍ ആദ്യ ഘട്ടം
യുപിയും മണിപ്പൂരും പോളിങ് ബൂത്തില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും  മന്ദഗതിയിലാണ് യുപിയിലെ പോളിങ് പുരോഗമിക്കുന്നത്.11 മണിവരെ 23 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എസ്പി നേതാവ് മുലായം സിങ് യാദവിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഡാണ് ആറാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്നവയില്‍ ശ്രദ്ധേയമായ മണ്ഡലം.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന നിയമസഭാ മണ്ഡലങ്ങളും ഇന്ന്‌പോളിങ് ബൂത്തിലേക്ക് നീങ്ങും. ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ മണ്ഡലമാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഗോരഖ്പൂരിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യുപിയില്‍ ബിജെപിക്ക് എത്രമാത്രം മുന്നേറ്റം സാധ്യമാകുമെന്ന് വ്യക്തമാകുന്നത്. 

635 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.72 കോടി സമ്മതിദായകരാണ് തങ്ങളുടെ തെരഞ്ഞെടുപ്പവകാശം വിനിയോഗിക്കുക. മുലായം സിങ്ങിന്റെ അസംഗഡ് ലോകസഭാ മണ്ഡലത്തില്‍ 10 നിയമസഭാ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ എസ്പി ഇതില്‍ ഒന്‍പതും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുലായം സ്വന്തം മണ്ഡലത്തിലേക്കെത്തിയിരുന്നില്ല.

രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇവിടെ 11 മണിവരെ 43 ശതമാനം വോട്ട് രേഖപ്പെടുത്തി.  60ല്‍ 38 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘ്ട്ട തെരഞ്ഞെടുപ്പ്. 15 വര്‍ഷമായി മണിപ്പൂരില്‍ തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു മണിപ്പൂരിലെ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍.

യുപിയിലേയും മണിപ്പൂരിലേയും അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് എട്ടിനാണ്. മാര്‍ച്ച് 11ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com