കൃത്രിമ മഴ കേരളത്തില്‍ വിജയിക്കുമോ? സാധ്യത കുറവെന്നു വിദഗ്ധര്‍

മഴയില്ലെങ്കില്‍ കൃത്രിമ മഴ സാധ്യമാണോ?  കേരളത്തിലെ കാലാവസ്ഥയും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്താല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല.
കൃത്രിമ മഴ കേരളത്തില്‍ വിജയിക്കുമോ? സാധ്യത കുറവെന്നു വിദഗ്ധര്‍

കൊച്ചി: പ്രകൃതി കനിഞ്ഞു മഴ പെയ്യുന്നില്ല, എന്നാല്‍പിന്നെ മഴയങ്ങ് പെയ്യിപ്പിച്ചാലോ? നാടെങ്ങും വ്യാജനിറങ്ങുന്ന കാലത്ത് മഴയ്ക്ക് ഒരു കുന്നംകുളം മാര്‍ക്കറ്റ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കാം. സംസ്ഥാനം മഴയില്ലാതെ ചുട്ടുപഴുത്തിരിക്കുന്ന സാഹചര്യത്തില്‍ എത്ര പണം ചെലവിട്ടാലും കുടിവെള്ള വിതരണം നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

മഴയില്ലെങ്കില്‍ കൃത്രിമ മഴ സാധ്യമാണോ?  കേരളത്തിലെ കാലാവസ്ഥയും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്താല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം 20 വര്‍ഷം മുന്‍പ് മൂന്നാറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃത്രിമ മഴ പെയ്യിപ്പിച്ചിട്ടുണ്ട്. മേഘങ്ങള്‍ ഭൂമിക്ക് അടുത്തു നില്‍ക്കുന്ന പ്രദേശം എന്നതുകൊണ്ടാണ് മൂന്നാര്‍ ഈ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പക്ഷേ അന്നു പെയ്ത മഴ സ്വാഭാവികമായി ഉണ്ടായതാണോ കൃത്രിമമാണോ എന്ന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.   

1946ല്‍ യുഎസ് രസതന്ത്രജ്ഞനും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ വിന്‍സെന്റ് ഷെയ്ഫര്‍ ആണ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ ബര്‍ണാഡ് വോണ്‍ഗട്ട്, പ്രഫ ഹെന്റി ചെസിന്‍ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.  

അതേസമയം കൃത്രിമ മഴ അഥവാ ക്ലൗഡ് സീഡിങ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേരുന്നതല്ലെന്നു ശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും
അഭിപ്രായപ്പെടുന്നു. നിലവില്‍ ആകാശത്ത് മേഘങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മഴയുണ്ടാക്കാന്‍ സാധിക്കു. കേരളത്തില്‍ ഇപ്പോള്‍ മഴ പെയ്യിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയ സാധ്യത കുറവായിരിക്കുമെന്നു മഹാരാജാസ് കോളജിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഷാജി പറഞ്ഞു. 

കൃത്രിമ മഴ 100 ശതമാനം വിജയം നേടാന്‍ പോകുന്ന ഒരു പദ്ധതിയല്ലെന്നു കുസാറ്റിലെ അറ്റ്‌മോസ്ഫറിക് സ്റ്റഡി ഡയറക്ടര്‍ മോഹന്‍കുമാര്‍ സമകാലികമലയാളത്തോട് പറഞ്ഞു. വളരെ ചെലവു കൂടിയ ഈ പദ്ധതി അതിനനുസരിച്ച് ഉപയോഗപ്രദമാകുമെന്ന് കരുതുന്നില്ല. വേനല്‍ മഴയ്ക്ക് വേണ്ടി ആകാശത്ത് രൂപപ്പെട്ടു വരുന്ന മേഘങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.  
മേഘങ്ങളില്‍ സോഡിയം ക്ലോറൈഡ് (ഉപ്പ്) വിതറി, രാസപ്രവര്‍ത്തനം നടക്കുമ്പോഴാണ് മഴയുണ്ടാകുന്നത്. ആദ്യം മേഘത്തിന്റെ ചലനങ്ങളും മറ്റും പഠിച്ച് എയര്‍ക്രാഫ്റ്റ് കൊണ്ടുവന്ന് ഉപ്പ് വിതറണം. ഉപ്പിനെ ആദ്യം ചെറിയ വലിപ്പത്തില്‍ പൊടിക്കണം. അങ്ങനെ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കിലും ചെറിയ ചാറ്റല്‍ മഴയായിരിക്കും ഉണ്ടാവുക, ഒരിക്കലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. 
ഈ രീതിയില്‍ നീതികേടുണ്ടെന്നും മോഹന്‍കുമാര്‍ പറയുന്നു.  മറ്റൊരിടത്ത് പെയ്യേണ്ട മേഘത്തെ ആയിരിക്കും ചിലപ്പോള്‍ ഒരിടത്ത് പിടിച്ച് നിര്‍ത്തി പെയ്യിക്കുക. ഇത് പ്രകൃതിയുടെ സ്വാഭാവികമായ വിതരണത്തെ ബാധിക്കുന്നു. മഴ കിട്ടേണ്ട പ്രദേശങ്ങളില്‍ പെയ്യാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. 

നേരത്തെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം കൃത്രിമമഴയ്ക്കു ശ്രമിച്ചിട്ടുണ്ട്. പക്ഷേ ശക്തമായ മഴ  കിട്ടിയിട്ടില്ല. വിദേശ രാജ്യങ്ങളില്‍ ഈ രീതി കുറെക്കൂടി പ്രായോഗികമാണ്. അവിടത്തെ കാലാവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പം നടക്കും. കേരളത്തിലിത് എത്രകണ്ട് ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com