ആര്‍ കെ നഗര്‍ ആര്‍ക്കൊപ്പം നില്‍ക്കും

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്
 ആര്‍ കെ നഗര്‍ ആര്‍ക്കൊപ്പം നില്‍ക്കും

ചെന്നൈ: ഉപതെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലം തമിഴ് നാട്ടിലെ ആര്‍കെ നഗറാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടുകള്‍ നേടിയാണ് ജയലളിത തെരഞ്ഞെടുക്കപ്പെട്ടത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍ കെ നഗറില്‍ ഇത്തവണ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ അന്നത്തെ പോലെ വിജയിക്കുകയെന്നത് എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പാര്‍ട്ടിയില്‍ ആരാകും ജയലളിതയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥിയാവുകയെന്നതാണ് പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം. 

പളനിസ്വാമി അധികാരമേറ്റെങ്കിലും പാര്‍ട്ടി ശശികല പിടിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധം അണികള്‍ക്കിടയില്‍ ഉണ്ട്. സ്ഥാനാര്‍ത്ഥിയെ ശശികല തന്നെ പ്രഖ്യാപിക്കുമെന്നതിനാല്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനാവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുക. കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മത്സരരംഗത്തുണ്ടാകണമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. നിലവില്‍ അധികാരചക്രം നിയന്ത്രിക്കുന്നത് ദിനകരനായതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പറ്റി പാര്‍ട്ടി ചിന്തിക്കാന്‍ ഇടയില്ല. പരമാവധി അമ്മ വികാരം നിലനിര്‍ത്തി വോട്ടുകള്‍ നേടുക എന്നത് തന്നെയായിരിക്കും എഐഎഡിഎംകെയുടെ തന്ത്രം. 

ടിടിവി ദിനകരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ അത് ശശികലയ്ക്ക് എതിരായ വിജയത്തിന് സാധ്യതയുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കൂ എന്നു പറഞ്ഞ പനീര്‍ശെല്‍വത്തിന്റെ തീരുമാനവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ജയലളിതയുടെ സഹേദരി പുത്രി ദീപ ആര്‍കെ നഗറില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പനീര്‍ശെല്‍വം ദീപയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലായിരുന്നു. ഭരണപക്ഷത്തിനെതിരായ വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നായിരുന്നു ഡിഎംകെയുടെ ന്യായീകരണം. ജയലളിതയ്്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സിപിഐ മാത്രമായിരുന്നു. ഇത്തവണ അങ്ങനെയാവില്ല കാര്യങ്ങള്‍. ഡിഎംകെയും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. 

ശക്തമായ ത്രികോണ മത്സരത്തില്‍ ആര്‍കെ നഗര്‍ ആര്‍ക്കൊപ്പമായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പരാജയപ്പെട്ടാല്‍ പളനി സ്വാമി മന്ത്രിസഭയ്‌ക്കെതിരായ ജനവികാരമാകുമെന്ന വിലയിരുത്തലാകും. അങ്ങനെയെങ്കില്‍ ആ മന്ത്രിസഭയുടെ നാളുകള്‍ അധികനാള്‍ ഉണ്ടാവില്ലെന്നതാവും യാഥാര്‍ത്ഥ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com