കെജ്‌രിവാളിന് രക്ഷയില്ല; പുതിയ ഗവര്‍ണറും ഫയല്‍ മടക്കുന്നു

ആത്മഹത്യ ചെയ്ത മുന്‍ സൈനീകന് ഒരു കോടി നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനമാണ് ഡല്‍ഹി ഗവര്‍ണര്‍ തള്ളിയിരിക്കുന്നത്‌
കെജ്‌രിവാളിന് രക്ഷയില്ല; പുതിയ ഗവര്‍ണറും ഫയല്‍ മടക്കുന്നു

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയതിനു ശേഷം ഡല്‍ഹിയില്‍ കെജ്‌രിവാള്‍ സര്‍ക്കാരും ലഫ്‌നന്റ് ഗവര്‍ണറായിരുന്ന നജീബ് ജങ്ങും തമ്മിലുള്ള അധികാര വടംവലിക്കായിരുന്നു രാജ്യം സാക്ഷിയായത്. എന്നാല്‍ നജീബ് ജങ് സ്ഥാനമൊഴിഞ്ഞതിനു ശേഷവും കെജ്‌രിവാളിന് രക്ഷയില്ല. 

നജീബ് ജങ്ങിന് സമാനമായി ഡല്‍ഹി മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മുന്‍നിര്‍ത്തി തള്ളുകയാണ് ഗവര്‍ണര്‍ അനില്‍ ബായ്ജാല്‍. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സാധ്യമാകാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനീകന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കാനുള്ള തീരുമാനമാണ് ഡല്‍ഹി ഗവര്‍ണര്‍ ഏറ്റവും ഒടുവില്‍ മരവിപ്പിച്ചിരിക്കുന്നത്. 

ആത്മഹത്യ ചെയ്ത രാം കിഷന്‍ ഡല്‍ഹി സ്വദേശിയല്ലെന്നും, ഹരിയാനയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണെന്നുമുള്ള കാരണത്താലാണ് ഇയാളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ എതിര്‍ത്തിരിക്കുന്നത്.

രാം കിഷന്‍ ഗ്രെവാളിന്റെ മരണത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധങ്ങള്‍ തുടരുന്ന സമയത്താണ് രാം കിഷന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com