യുപിയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം - പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും എക്‌സിറ്റ് പോള്‍ - യുപിയില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത
യുപിയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു. ഉത്തര്‍ പ്രദേശില്‍ തൂക്ക്് മന്ത്രിസഭയക്കാണ് സാധ്യതയെന്നാണ് കൂടുതല്‍ എക്‌സിറ്റ് പോള്‍ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈംസ് നൗവിന്റെ കണക്കുപ്രകാരം നേരിയ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് കുടുതല്‍ സാധ്യത. ചില എക്‌സിറ്റ് പോളുകള്‍ ആം ആദ്മിക്ക് സാധ്യത കല്‍പ്പിക്കുന്നു. 

ടൈംസ് നൗ- വിഎം ആര്‍ പോളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.ബിജെപിക്ക് 190 മുതല്‍ 210 വരെ സീറ്റുകള്‍ ലഭിക്കും. എസ്പി - കോണ്‍ഗ്രസ് സഖ്യത്തിന് 110 മുതല്‍ 130 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്പിക്ക് 57 മുതല്‍ 74 സീറ്റുകള്‍ വരെയാണ് പറയുന്നത്. സിഎന്‍എന്‍ കണക്കുകള്‍ പ്രകാരം ഉത്തര്‍ പ്രദേശില്‍ ബിജെപി 185 സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടുമ്പോള്‍ 90 സീറ്റുകള്‍ ബിഎസ്പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇന്ത്യന്യൂസ് എംആര്‍സി പ്രകാരം സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ ഫലം തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. 
വന്ന എക്‌സിറ്റ്‌പോള്‍ കണക്കുപ്രകാരം ബിജെപി എറ്റവും വലിയ ഒറ്റകക്ഷിയാകും. അതേസമയം തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. അഞ്ച് ഘട്ടങ്ങളില്‍ വരെ എസ്പി -കോണ്‍ഗ്രസ് സഖ്യം ബിജെപിയുമായി ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാനഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടായതായാണ് കണക്ക് കൂട്ടുന്നത്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തരംഗം ഉണ്ടായിട്ടില്ലെന്നും എക്‌സിറ്റുപോളുകള്‍ സൂചിപ്പിക്കുന്നു

ഗോവയില്‍ ഇന്ത്യ ന്യൂസ് എംആര്‍സി പോളില്‍ 15 സീറ്റുകള്‍ നേടി ബിജെപി ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. 10 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 7 സീറ്റുകള്‍ ആംആദ്മിക്കെന്നും പ്രവചിക്കുന്നു. എ്ന്നാല്‍ ഇന്ത്യാ ടുഡെ സീ-വോട്ടറിന്റെ പ്രവചന പ്രകാരം 15 മുതല്‍ 21 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 10 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നും പറയയുന്നു. ആംആദ്മിക്ക് നാലുസീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ഗോവയില്‍ കേവല ഭൂരിപക്ഷം 21 സീറ്റാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ന്യൂസ് 24-ചാണക്യ സര്‍വെയും ഇന്ത്യ ന്യൂസ് എംആര്‍സി സര്‍വെയും കോണ്‍ഗ്രസും ആം ആദ്മിയും ഒപ്പത്തിനൊപ്പമെന്നാണ് പ്രവചനം. സിഎന്‍എന്‍ പ്രവചനമനുസരിച്ച് 62 മുതല്‍ 71 വരെ സീറ്റുകള്‍ കോണ്‍ഗസിന് ലഭിക്കുമെന്നാണ് പ്രവചനം. 42 മുതല്‍ 51 സീറ്റുകള്‍ വരെയാണ് ആംആദ്മിക്ക് ലഭിക്കുക എന്നും പ്രവചിക്കുന്നു. അതേസമയം ആജ് തക്ക് കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നാണ പ്രവചനം. പഞ്ചാബില്‍ എല്ലാ സര്‍വെ ഫലങ്ങളും വ്യക്തമാക്കുന്നത് ഭരണകക്ഷിയായ ബിജെപി- അകാലിദള്‍ സഖ്യം മൂന്നാംസ്ഥാനത്ത് എത്തുമെന്ന് എല്ലാവരും ഓരേ പോലെ സമ്മതിക്കുന്നു.

ഉത്തരാഖണ്ഡില്‍ ന്യൂസ് 24 - ചാണക്യ എക്‌സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 15 സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്്. ഇന്ത്യാ ടിവി-സി വോട്ടര്‍ സര്‍വെ പ്രകാരം ബിജെപിയും കോണ്‍ഗ്രസും തുല്യ സീറ്റുകള്‍ പങ്കിടുമെന്നാണ് പ്രവചനം. എന്നാല്‍ ഉത്തരാഖണ്ഡി്ല്‍ 46 മുതല്‍ 53 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 12 മുതല്‍ 21 വരെസീറ്റുകള്‍ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നാണ് കൂടുതല്‍ ഫലങ്ങളും പ്രവചിക്കുന്നത്. 

മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് ഇന്ത്യാ ടിവി - സീവോട്ടറുടെ പ്രവചനം. ബിജെപിക്ക് 25 മുതല്‍ 31 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 17 മുതല്‍ 21 സീറ്റുകള്‍ ലഭിക്കുമെന്നാണ പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com