ജാതി രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച് ബിജെപി

മതധ്രുവീകരണത്തിനൊപ്പം മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞെന്നതും തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നു
ജാതി രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച് ബിജെപി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ ജാതി പരീക്ഷണങ്ങള്‍ വിജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇതില്‍ ആദ്യവിജയം തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ ഒബിസി വിഭാഗക്കരനായ കേശവ് പ്രസാദ് മൗര്യയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള അമിത് ഷായുടെ ബുദ്ധിയായിരുന്നു. ജാതി രാഷ്ട്രീയത്തിലൂടെ മാത്രമെ ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഇടം നേടാനാകുമെന്ന്അമിത്ഷാ- മോദി സഖ്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. 

യുപിയില്‍ ഒബിസി വിഭാഗത്തില്‍പെട്ട കുഷ്‌വാഹ സമുദായംഗമാണ്  കേശവ് പ്രസാദ് മൗര്യ. മൗര്യ നേതൃസ്ഥാനത്തേക്ക് എത്തിയതോടെ ഒബിസി വോട്ടുകള്‍ പെട്ടിയിലാക്കുക എന്ന അമിത് ഷായുടെ പ്രവര്‍ത്തനം വിജയം കണ്ടു. യുപിയില്‍ 1990 കളില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിര്‍ണായക ശക്തിയായത് ഒബിസി വിഭാഗമായിരുന്നു. മൗര്യ നേതൃസ്ഥാനത്തേക്ക് എത്തുന്നതോടെ പാര്‍ട്ടിയിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്ന വിലയിരുത്തലും ഇവിടെ ലക്ഷ്യം കണ്ടു. കഴിഞ്ഞ കുറെ വര്‍ശങ്ങളായി യുപിയിലെ സവര്‍ണവിഭാഗങ്ങളുടെ വോട്ടുകള്‍ ബിജെപിക്ക് ഒപ്പം തന്നെയായിരുന്നു. 

ബിജെപിയുെട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതുകൊണ്ടുതന്നെയായിരുന്നു മുസ്ലീങ്ങളും യാദവരും ഉള്‍പ്പെടാതെ പോയത്. ഒബിസി വിഭാഗത്തിലെ മറ്റുളളവര്‍ക്കായിരുന്നു സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം. കൂടാതെ ദളിത് വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചു. മതധ്രുവീകരണത്തിനൊപ്പം മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞെന്നതും തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നു. അത് കണ്ടുകൊണ്ടുതന്നെയായിരുന്നു ഏഴ് ഘട്ടങ്ങളിലെയും പ്രചാരണപരിപാടികളിലെ ബിജെപി പ്രഖ്യാപനങ്ങളും.

ഒരു ഖബര്‍സ്ഥാന്‍ സൃഷ്ടിക്കുകയാണെങ്കില്‍ അവിടെ ശ്മശാനവും നിര്‍മ്മിക്കണമെന്ന് മോദിയുടെ പ്രഖ്യാപനമുണ്ടായതുമുതല്‍ അതേറ്റെടുത്ത് സംഘ്പരിവാര്‍ സംഘടനകളും രംഗത്തെത്തി. സാക്ഷി മഹാരാജിനെ പോലുള്ളവരായിരുന്നു യുപി തെരഞ്ഞെടുപ്പിലും ഇതിനായി നിയോഗിക്കപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹിന്ദുത്വ സംഘടനകളുടെ വളര്‍ച്ചയും പരിശോധിക്കേണ്ടതാണ്. നരേന്ദ്രമോദി സേന, ഹിന്ദു ബഹി ബേട്ടി സംഘടനകള്‍ക്ക് വലിയ പിന്തുണ ആര്‍എസ്എസ് വിഎച്ചപി സംഘടനകളുടെ പിന്തുണയും അളവില്ലാതെ ലഭിച്ചു. 

രണ്ട് ഡസനിലേറെ കേന്ദ്രമന്ത്രിമാര്‍ തന്നെയാണ് മാസങ്ങളോളം യുപിയില്‍ തമ്പടിച്ചത്. ഗ്രാമങ്ങളില്‍ ചെറിയ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ച് പരിവാര്‍ ആശയങ്ങള്‍ക്ക് വലിയ പിന്തുണയുണ്ടാക്കി. യുപിയില്‍ ദളിത് വോട്ടുകള്‍ ഇരുപത് ശതമാനത്തിലേറെയാണ്. ജാതി കാര്‍ഡിറക്കിയതിലൂടെ മായാവതിക്ക് ലഭിച്ചുകൊണ്ടിരുന്ന ദളിത് വോട്ടുകള്‍ വലിയയൊരു അളവോളം ബിജെപിക്ക് ലഭിക്കാനായി. അതിനോടനുബന്ധിച്ച് ഇത്തവണ അംബേദ്ക്കറുടെ 125ാം ജന്മദിനത്തില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കാനായതും നേട്ടമായി. ബിജെപിക്ക് പരമ്പരാഗതമായി കിട്ടിയിരുന്ന മുന്നോക്ക ഠാക്കൂര്‍ ഒബിസി ദളിത് വിഭാഗങ്ങളുടെ വോട്ടുകളും ഗണ്യമായി ലഭിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പൊലെ തന്നെ ജാട്ടുവിഭാഗത്തെയും ഒപ്പം നിര്‍ത്താനായതുമാണ് ബിജെപിക്ക് ഇത്തവണ ഇത്തരത്തിലുള്ള വിജയം നേടാന്‍ ഇടയാക്കിയത്. 


 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയാണ് ഈ തെരഞ്ഞെടുപ്പിനെ എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ബിജെപിക്ക് ബദലില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയും ചെയ്യുന്നു. ബിജെപിയുടെ വിജയം ജനാധിപത്യത്തിന്റ വിജയമായിരുന്നില്ലെന്ന് തെളിയിക്കാന്‍ 2019 ലെ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com