മോദിയാണ് താരം

ഒന്നരപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്
മോദിയാണ് താരം

രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ബിജെപിയുടെ ഫൈനല്‍ പ്രവേശം. സെമിഫൈനലിലും മോദിയുടെ മുന്നേറ്റം തന്നെയാണ് ബിജെപിക്ക് മികച്ച വിജയം നേടാന്‍ സഹായകമായത്. അഭിപ്രായ സര്‍വെകളെ കാറ്റില്‍ പറത്തിയാണ് ബിജെപിയുടെ വിജയം. തൂക്ക് മന്ത്രിസഭയ്ക്കായിരുന്നു അഭിപ്രായ സര്‍വെകള്‍ സാധ്യത കല്‍പ്പിച്ചത്.

 രാജ്യം വളരെ ഉറ്റുനോക്കിയ തെരഞ്ഞടുപ്പായിരുന്നു ഉത്തര്‍പ്രദേശിലേത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും മുന്നില്‍ നിര്‍ത്താതെയാണ് ബിജെപി മികച്ച വിജയം നേടിയത് എന്നതും ബിജെപി വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ഒന്നരപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. കല്യാണ്‍സിങിന് ശേഷം ആരാകും അടുത്ത മുഖ്യമന്ത്രി എന്നത് ഇതിനകം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു യുവാവ് എത്തുമെന്നാണ് പ്രതീക്ഷ. യോഗി ആദിത്യനാഥിനും സാധ്യത കല്‍പ്പിക്കുന്നവര്‍ ഏറെയുണ്ട്. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

മോദിയുടെ നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തല്‍ വെറുതെയായെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. യുപിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ യുപി ബിജെപിക്കൊപ്പമെന്ന് അടിവരയിട്ട് തെളിയിച്ചിരുന്നു. മോദി തരംഗം തന്നെയാണ് യുപിയില്‍ അലയടിച്ചത്. 

12 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. 403 സീറ്റിലേക്കായി അയ്യായിരത്തിലേറെ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ടായിരുന്നു. യുപിയില്‍ അവസാന റൗണ്ടിലെ നരേന്ദ്രമോദിയുടെ പ്രചാരണങ്ങളാണ് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ടം മുതലെ വര്‍ഗീയ ധ്രവീകരണം മാത്രമായിരുന്നു ബിജെപിയുടെ പ്രധാന അജണ്ട. ഈ അജണ്ട ബിജെപിക്ക് ഗുണമായി എന്നതാണ് വിലയിരുത്തല്‍. അതൊടൊപ്പം യുപിയിലെ വികസനവും ഭരണവിരുദ്ധ വികാരത്തിന് കാരണമായി. 

ദേശീയ രാഷ്ട്രീയത്തില്‍ മോദിക്ക് ബദല്‍ ആരുമില്ലെന്ന ഉത്തരം കൂടിയായി ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയും കെജ്രിവാള്‍ ഏതാണ്ട് അപ്രത്യക്ഷമായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വരാന്‍ പോകുന്ന ലോക്‌സഭാ ഇലക്ഷനില്‍ മോദിയുടെ മുന്നേറ്റം തടയാന്‍ ബീഹാര്‍ മോഡല്‍ മഹാസഖ്യം ഉണ്ടാകുമോ  കാത്തിരുന്ന് കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com