യുപി കടന്നു; ഇനി കേരളവും ബംഗാളും ലക്ഷ്യമാക്കി ആര്‍എസ്എസ്‌

കേരളത്തിലും, ബംഗാളിലും ഹിന്ദുക്കള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പൊതുവികാരം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് പദ്ധതി
യുപി കടന്നു; ഇനി കേരളവും ബംഗാളും ലക്ഷ്യമാക്കി ആര്‍എസ്എസ്‌

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം പിടിച്ച സംഘപരിവാര്‍ കേരളത്തിലേക്കും പശ്ചിമ ബംഗാളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബിജെപിക്കു കാര്യമായ മുന്നേറ്റമുണ്ടാക്കാനാവാത്ത ഈ സംസ്ഥാനങ്ങളില്‍ ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് സംഘപരിവാറിന്റെ പദ്ധതി. 

കേരളത്തിലും പശ്ചിമ ബംഗാളിലും വോട്ടു വിഹിതം വര്‍ധിപ്പിക്കാനായെങ്കിലും തെരഞ്ഞടുപ്പു രംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായിട്ടില്ല. സംഘത്തിന്റെ കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിലൂടെ ഇതില്‍ മാറ്റമുണ്ടാക്കാനാവുമെന്നാണ് നേതൃത്വം കരുതുന്നത്. ഇതിനുള്ള തന്ത്രങ്ങളാവും പ്രതിനിധിസഭ ചര്‍ച്ച ആസൂത്രണം ചെയ്യുക.

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ മുഖ്യ ആയുധമാക്കി ഇതിനകം തന്നെ ദേശീയതലത്തില്‍ സംഘപരിവാര്‍ വലിയ പ്രചാരണത്തിനു തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന ചെറിയ രാഷ്ട്രീയ അക്രമങ്ങള്‍ പോലും ദേശീയമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുന്നത് അങ്ങനെയാണ്. കഴിഞ്ഞയാഴ്ച പാലക്കാട്ടു പ്രാദേശികായുണ്ടായ അക്രമ സംഭവങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ മണിക്കൂറുകളോളമാണ് ചര്‍ച്ചാവിഷയമാക്കി നിര്‍ത്തിയത്. കേരളത്തില്‍ ഇടതുഭരണത്തിന്‍ കീഴില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന പ്രചാരണമാണ് സംഘം നടത്തുന്നത്.

രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തയാറാക്കി ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ചില രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. കൊലപ്പെടുന്നവരില്‍ കൂടുതലും ഭൂരിപക്ഷ സമുദായക്കാരാണെന്നതിന് ഊന്നല്‍ നല്‍കി പ്രചാരണം ശക്തമാക്കാനാണ് സംഘ സംഘടനകളുടെ നീക്കം.

ഹിന്ദുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരള സര്‍ക്കാരിനേക്കാള്‍ പരാജയപ്പെട്ടിരിക്കുന്നത് മമത സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ നിലപാട്‌. കേരളത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തകരാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെങ്കില്‍ ബംഗാളില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട സാധാരണ ജനങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉയരുന്നതെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com