നാപ്കിനുകള്‍ക്കു നികുതി ചുമത്തുന്നത് സ്ത്രീത്വത്തിനു നികുതി ചുമത്തുന്നതിനു തുല്യം, സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അറിയണം ഈ നിവേദനത്തെപ്പറ്റി

തങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത ജൈവപ്രകൃയയുടെ പേരില്‍ മുപ്പത്തിയൊന്‍പതു വര്‍ഷത്തോളം സ്ത്രീകള്‍ നികുതി കൊടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ചുമത്തുന്നതിലൂടെ ഉണ്ടാവുന
നാപ്കിനുകള്‍ക്കു നികുതി ചുമത്തുന്നത് സ്ത്രീത്വത്തിനു നികുതി ചുമത്തുന്നതിനു തുല്യം, സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അറിയണം ഈ നിവേദനത്തെപ്പറ്റി

കൊച്ചി: സാനിറ്ററി നാപ്കിനുകള്‍ക്കു നികുതി ഒഴിവാക്കുന്നതിനായി പാര്‍ലമെന്റ് അംഗത്തിന്റെ ഓണ്‍ലൈന്‍ നിവേദനം. നാപ്കിനുകള്‍ക്ക് നികുതി ചുമത്തുന്നത് സ്ത്രീത്വത്തിന് നികുതി ചുമത്തുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടുന്ന നിവേദനത്തില്‍ ഒന്നരലക്ഷത്തിലേറെ പേരാണ് ഇതിനകം ഒപ്പുവച്ചത്. രണ്ടു ലക്ഷം പേരുടെ ഒപ്പുമായി ധനമന്ത്രി അരുണ്‍ ജയ്റ്റലിക്ക് നിവേദനം സമര്‍പ്പിക്കും.

ലോക വനിതാ ദിനത്തിലാണ് അസമില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം സുസ്മിത ദേവ് ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ഒപ്പുശേഖരണം തുടങ്ങിയത്. ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ സാനിറ്ററി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് അരുണ്‍ ജയ്റ്റ്‌ലിക്കു കത്തയച്ചിരുന്നുവെന്ന് സുസ്മിത ദേവ് പറഞ്ഞു. എന്നാല്‍ ഇതിന് മറുപടി നല്‍കാനുള്ള മര്യാദ പോലും ധനമന്ത്രി കാണിച്ചില്ല. രാഷ്ട്രീയ പ്രേരിതമല്ല തന്റെ ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് ഓണ്‍ലൈന്‍ ഒപ്പുശേഖരണം തുടങ്ങിയത്. മികച്ച പ്രതികരണമാണ് നിവേദനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സുസ്മിത ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 35 കോടിയിലേറെ സ്ത്രീകളില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ഗ്രാമീണ മേഖലയില്‍ രണ്ടു ശതമാനമാണ് ഉപയോഗം. ഇന്ത്യന്‍ സ്ത്രീകളില്‍ എഴുപതു ശതമാനത്തിനും സാനിറ്ററി നാപ്കിനുകള്‍ പ്രാപ്യമല്ല എന്നതാണ് ഇതിനു കാരണം. പന്ത്രണ്ടു ശതമാനം നികുതിയാണ് നാപ്കിനുകള്‍ക്കു ചുമത്തുന്നത്. ജിഎസ്ടിയിലും ഇതിന് പന്ത്രണ്ടു ശതമാനം നികുതി ചുമത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നു വ്യക്തമാവുന്നത്. വര്‍ഷത്തില്‍ എല്ലാ മാസവും ഈ നിരക്കില്‍ സ്ത്രീകള്‍ നികുതിക്ക് വിധേയമാവുകയാണ്. തങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത ഒരു ജൈവപ്രകൃയയില്‍ മുപ്പത്തിയൊന്‍പതു വര്‍ഷത്തോളം സ്ത്രീകള്‍ നികുതി കൊടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമാവുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ ഹാജര്‍ നില ഉയര്‍ത്തുന്നതിലും തൊഴില്‍ രംഗത്ത് സ്ത്രീ സാന്നിധ്യം വര്‍ധിക്കുന്നതിലും സാനിറ്ററി നാപ്കിനുകളുടെ ലഭ്യതയും പ്രാപ്യതയും വലിയ പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട്, ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗര്‍ഭനിരോധന ഉറകള്‍ക്കും മറ്റു ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും നികുതി എടുത്തുകളഞ്ഞിരിക്കുന്നത്. ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ സാനിറ്ററി നാപ്കിനുളുടെ നികുതിയും എടുത്തുകളയേണ്ടതുണ്ടെന്ന് സുസ്മിത ദേവ് പറയുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ വലിയ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിനു പുറമേ നികുതി ചുമത്തുന്നതു കൂടി അവസാനിപ്പിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com