പറഞ്ഞതെല്ലാം പാഴായി, സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ എസ്ബിടിയുടെ പകുതി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടും

ലയനത്തിനു ശേഷം എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫിസുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. മൂന്നു ബാങ്കുകളുടെ ഹെഡ് ഓഫിസുകള്‍ ഉള്‍പ്പെടെയാണിത്.
പറഞ്ഞതെല്ലാം പാഴായി, സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ എസ്ബിടിയുടെ പകുതി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: സറ്റേറ്റ് ബാങ്ക് ലയനത്തെത്തുടര്‍ന്ന് ഒരൊറ്റ ബ്രാഞ്ച് പോലും അടച്ചുപൂട്ടേണ്ടി വരില്ലെന്ന വാദം പൊളിയുന്നു. ലയനത്തിനു ശേഷം അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫിസുകള്‍ അടച്ചുപൂട്ടുമെന്ന് എസ്ബിഐ മേധാവികള്‍ തന്നെ വ്യക്തമാക്കി.

ലയനത്തിനു ശേഷം എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫിസുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. മൂന്നു ബാങ്കുകളുടെ ഹെഡ് ഓഫിസുകള്‍ ഉള്‍പ്പെടെയാണിത്. 27 സോണല്‍ ഓഫിസുകളും 81 റീജിയനല്‍ ഓഫിസുകളും 11 നെറ്റ് വര്‍ക്ക് ഓഫിസുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ദിനേശ്കുമാര്‍ ഖാര അറിയിച്ചു.

ഏപ്രില്‍ ഒന്നിനാണ് ലയനം പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ 24ന് അടച്ചുപൂട്ടല്‍ നടപടികള്‍ തുടങ്ങുമെന്ന് ഖാര വ്യക്തമാക്കി. ഒരേ സ്ഥലത്തു തന്നെ രണ്ട് ഓഫിസുകള്‍ തുടരുന്നത് ഒഴിവാക്കാനാണ് അടച്ചുപൂട്ടല്‍ നടപടി. മാര്‍ച്ച് 31നാണ് അസോസിയേറ്റ് ബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് എസ്ബിഐക്കു ലഭിക്കുക. ഇതിന്റെ തുടര്‍നടപടികള്‍ക്കു മൂന്നാഴ്ചയോളമെടുക്കും. 24ഓടെ ലയനം പൂര്‍ണാര്‍ഥത്തില്‍ ആവുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

നിലവില്‍ എസ്ബിഐക്ക് 550 ഓഫിസുകളും അസോസിയേറ്റ് ബാങ്കുകള്‍ക്ക് 259 ഓഫിസുകളുമാണ് ഉള്ളത്. ലയനത്തിനു ശേഷം 687 ഓഫിസുകളാണ് ഉണ്ടാവുക. അടച്ചുപൂട്ടലിന്റെ ഭാഗമായി അധികം വരുന്ന ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്ന് ഖാര പറഞ്ഞു. 1107 പേരെയാണ് അടച്ചുപൂട്ടല്‍ ബാധിക്കുക. ഇവര്‍ പുതിയ സ്ഥലത്ത് പുതിയ ജോലികള്‍ ചെയ്യേണ്ടിവരും. പുനര്‍വിന്യാസത്തിന്റെ ഭാഗമാവാന്‍ താത്പര്യമില്ലാത്തവര്‍ക്കായി അസോസിയേറ്റ് ബാങ്കുകള്‍ വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 

എസ്ബിടിയെക്കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008ല്‍ എസ്ബിഐയുടെ ഭാഗമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com