നഗ്നരായി പ്രതിഷേധിച്ച 12 സ്ത്രീകള്‍ 13 വര്‍ഷത്തിന് ശേഷം വീണ്ടും ഓര്‍മപ്പെടുത്തലുമായി

അതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത പ്രതിഷേധ രീതിയുമായെത്തി വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ കരുത്തുകാണിച്ച ആ സ്ത്രീകളെ ബിബിസിയാണ് വീണ്ടും ഇന്ത്യയുടെ ഓര്‍മയിലേക്കെത്തിക്കുന്നത്
നഗ്നരായി പ്രതിഷേധിച്ച 12 സ്ത്രീകള്‍ 13 വര്‍ഷത്തിന് ശേഷം വീണ്ടും ഓര്‍മപ്പെടുത്തലുമായി

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗ്നരായി 12 സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ചോദ്യം ചെയ്യുന്നതായിരുന്നു. അഫ്‌സ്പ നിയമത്തിന് കീഴില്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന മണിപ്പൂരി സ്ത്രീകളുടെ വിധിയായിരുന്നു അത്തരമൊരു പ്രതിഷേധ രീതിയിലേക്ക് അവരെയെത്തിച്ചത്. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണിപ്പൂരില്‍ അഫ്‌സ്പ തുടരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ സുപ്രീംകോടതിയുടെ ചെവിയിലെത്തിയിട്ടും പ്രത്യേക സൈനീക നിയമത്തില്‍ നിന്നും മണിപ്പൂരിന് മോചനമില്ല. അന്ന് നഗ്നരായി പ്രതിഷേധിക്കാന്‍ തയ്യാറായ 11 സ്ത്രീകള്‍ വീണ്ടും ഒരുമിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

അതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത പ്രതിഷേധ രീതിയുമായെത്തി വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ കരുത്തുകാണിച്ച ആ സ്ത്രീകളെ ബിബിസിയാണ് വീണ്ടും ഒരുമിച്ചു കൊണ്ടുവന്നത്. ആധുനിക ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി മുന്നോട്ടുവന്ന വ്യക്തികളെ പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെയാണ് ഇവരെ ബിബിസി വീണ്ടും ഇന്ത്യയുടെ ഓര്‍മയിലേക്കെത്തിക്കുന്നത്.

2004 ജൂലൈയില്‍ മനോരമയെന്ന വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെയായിരുന്നു അതുവരെ മണിപ്പൂരിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്ന സൈന്യത്തിനെതിരായ പ്രതിഷേധം ആഞ്ഞടിക്കാന്‍ തുടങ്ങിയത്. 

ജൂലൈ 11ന് അസാം റൈഫിളിലെ സൈനീകര്‍ വീട്ടില്‍ നിന്നും മനോരമയെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. മണിക്കൂറുകള്‍ക്കകം വെടിയേറ്റ് വികൃതമായ മനോരമയുടെ മൃതദേഹം വഴിയരികില്‍ നിന്നും കണ്ടെത്തി. ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായതിന്റെ പാടുകളും മനോരമയുടെ ദേഹത്തുണ്ടായിരുന്നു. അവിടെ നിന്നായിരുന്നു മണിപ്പൂരിലെ അമ്മമാരുടെ പ്രതിഷേധം നഗ്നരായി സമരം നടത്തുന്നതിലേക്കെത്തിയത്. 

മനോരമയോടൊപ്പം തങ്ങളും പീഡിപ്പിക്കപ്പെട്ടെന്ന് വികാരമാണ് ഞങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് അന്ന് നഗ്നയായി പ്രതിഷേധിച്ച സ്ത്രീകളിലൊരാളായ സോയിബാം മെമോന്‍ പറയുന്നു. ജൂലൈ 12ന് ചേര്‍ന്ന മണിപ്പൂര്‍ വുമണ്‍സ് സോഷ്യല്‍ റിഫോര്‍മേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സമാജ് എന്ന സംഘടനയുടെ യോഗത്തിലാണ് നഗ്നരായി പ്രതിഷേധം എന്ന ആശയം ആദ്യം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആ യോഗത്തില്‍ അതൊരു കടന്ന കയ്യായി പോകുമെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. 

എന്നാല്‍ മറ്റ് വനിതാ സംഘടനകളുമായുള്ള ചര്‍ച്ചയില്‍ അതുപോലൊരു പ്രതിഷേധ രീതിയാണ് ആ സാഹചര്യം ആവശ്യപ്പെടുന്നതെന്ന പൊതു വികാരം സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്നു. അങ്ങനെയാണ് മനോരമ കൊല്ലപ്പെട്ടതിന് ശേഷം നാലാം ദിനം ജൂലൈ 15ന് അസാം റൈഫിളിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സിന് മുന്നില്‍ നഗ്നരായി 12 സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടത്. 

ഇന്ത്യന്‍ ആര്‍മി, ഞങ്ങളെ ബലാത്സംഗം ചെയ്യു എന്നെഴുതിയ ബാനറുമായായിരുന്നു അവരുടെ പ്രതിഷേധം. നേതാക്കളില്ലായിരുന്നു എന്നതായിരുന്നു തങ്ങളുടെ പ്രതിഷേധത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും അവര്‍ പറയുന്നു. ഏറ്റവും ഉച്ചത്തില്‍ ഇംഗ്ലീഷില്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചത് ലൗറേംബാമായിരുന്നു. അവര്‍ക്കറിയാവുന്ന ഭാഷയില്‍ സൈനീകരെ ലോകത്തിന് മുന്നില്‍ അപമാനിക്കണം എന്നുള്ളത് കൊണ്ടാണ് തങ്ങള്‍ ഇംഗ്ലീഷില്‍ മുദ്രാവാക്യം വിളിച്ചതെന്നും അവര്‍ പറയുന്നു. 

നഗ്നരായി പ്രതിഷേധിച്ച സ്ത്രീകളെ സെലിബ്രിറ്റികളായാണ് പിന്നീട് മണിപ്പൂരി ജനത കണ്ടത്. എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഇവര്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്ന് ആരോപിച്ച് ഇതില്‍ 9 സ്ത്രീകളെ മൂന്ന് മാസത്തോളം സര്‍ക്കാര്‍ ജയിലിലടച്ചു. എങ്കിലും മണിപ്പൂരി ജനത നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ആ സംഭവത്തോടെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വീട്ടമ്മമാരായ ആ 12 സ്ത്രീകള്‍ക്ക് സാധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com