കെജ്രിവാളിനും കൂട്ടര്‍ക്കും ലഫ്‌നന്റ് ഗവര്‍ണറുടെ 'ആപ്പ്'; പരസ്യത്തിന് ചെലവായ 97 കോടി എഎപി നല്‍കണം

പൊതുഖജനാവിലെ പണം പരസ്യത്തിനായി എഎപി ദുരുപയോഗം ചെയ്‌തെന്ന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണറുടെ നടപടി
കെജ്രിവാളിനും കൂട്ടര്‍ക്കും ലഫ്‌നന്റ് ഗവര്‍ണറുടെ 'ആപ്പ്'; പരസ്യത്തിന് ചെലവായ 97 കോടി എഎപി നല്‍കണം

ന്യൂഡല്‍ഹി: ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ് സ്ഥാനമൊഴിഞ്ഞിട്ടും ഡല്‍ഹിയില്‍ കെജ് രിവാളിനും കൂട്ടര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. നജീബ് ജങ്ങിന് ശേഷം ലഫ്‌നന്റ് ഗവര്‍ണറായി ചുമതലയേറ്റ അനില്‍ ബായ്ജാലും ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുകയാണ്. 

ആം ആദ്മി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെന്ന പേരില്‍ ഡല്‍ഹി സര്‍ക്കാരിന്റേതായി പുറത്തിറക്കിയ പരസ്യങ്ങളുടെ ചെലവ് അരവിന്ദ് കെജ് രിവാള്‍ അല്ലെങ്കില്‍ എഎപി വഹിക്കണമെന്നാണ് ഡല്‍ഹി ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 97 കോടി രൂപയാണ് പരസ്യങ്ങളുടെ ചെലവായി എഎപി നല്‍കേണ്ടത്. 

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെന്ന പേരില്‍ എഎപിയേയും, അരവിന്ദ് കെജ്രിവാളിനേയും പുകഴ്ത്തിക്കൊണ്ടുള്ള പരസ്യങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയിരുന്നതെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിരുന്നു. 

പൊതുഖജനാവിലെ പണം പരസ്യത്തിനായി എഎപി ദുരുപയോഗം ചെയ്‌തെന്ന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണറുടെ നടപടി. എഎപി സര്‍ക്കാരിനേയും കെജ്രിവാളിനേയും പുകഴ്ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചത്. 

2015ലെ സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരെയോ, രാഷ്ട്രീയ നേതാക്കളേയോ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കോടതി നിര്‍ദേശം ലംഘിക്കപ്പെട്ടതായാണ് ലഫ്‌നന്റ് ഗവര്‍ണറുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com