ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി

മെഡിക്കല്‍ പരിശോധനാഫലം മെയ് എട്ടിന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം
ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ട ബംഗാള്‍ ഹൈക്കോടതി ജഡ്ജി പി.എസ്. കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീംകോടതി. കര്‍ണ്ണനെ പരിശോധിക്കാന്‍ കല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപരീകരിക്കണം. ബംഗാള്‍ ഡിജിപി പ്രത്യേകമേല്‍നോട്ടത്തോടെ ഇതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കണം. മെഡിക്കല്‍ പരിശോധനാഫലം മെയ് എട്ടിന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 2017 ഫെബ്രുവരി എട്ടിനുശേഷം ജസ്റ്റിസ് കര്‍ണ്ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പരിഗണിക്കേണ്ടതില്ലെന്ന് മറ്റ് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് പി.എസ്. കര്‍ണ്ണനെതിരെ കേസെടുത്തതോടെയാണ് ജസ്റ്റിസ് കര്‍ണ്ണന്‍ വിവാദത്തിലേക്ക് നീങ്ങുന്നത്. സുപ്രീംകോടതി മുമ്പാകെ ജസ്റ്റിസ് കര്‍ണ്ണനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ നിന്ന ജസ്റ്റിസ് കര്‍ണ്ണനുനേരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരുന്നു. ഇത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
ജസ്റ്റിസ് കര്‍ണ്ണന്റെ വിധിന്യായങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ സുപ്രീംകോടതി ജഡ്ജിമാര്‍ക്കുനേരെ മറ്റൊരു കോടതിയലക്ഷ്യകേസ് നല്‍കുകയായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്‍. സുപ്രീംകോടതി ജസ്റ്റിസുമാരോട് തന്റെ വസതിയിലെത്തണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്‍. തുടര്‍ഡന്ന് സുപ്രീംകോടതി ജസ്റ്റിസ് അടക്കം ഏഴ് ജഡ്ജിമാര്‍ക്കെതിരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിടുകയായിരുന്നു. കേസ് കഴിയുംവരെ ഇവര്‍ക്ക് വിദേശയാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെയാണ് കര്‍ണ്ണന്റെ മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com