സാരിയും ടവ്വലും തലപ്പാവും കാവി മതിയെന്ന് യോഗി സര്‍ക്കാര്‍

Published: 01st May 2017 03:36 PM  |  

Last Updated: 02nd May 2017 05:12 PM  |   A+A-   |  

adityanath_

ലഖ്‌നോ: യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ യുപിയെ കാവിവത്കരിക്കാനുള്ള നീക്കം ശക്തമാക്കുന്നു. ജാക്കറ്റുകളും, സാരി, ടവ്വല്‍ തുടങ്ങി മൈക്രോഫോണുകള്‍, വയറുകള്‍ തുടങ്ങി എല്ലാത്തിന്റെയും  കളര്‍ ഇനി കാവി നിറമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 

കാവിനിറം ജനങ്ങള്‍ക്ക് നല്ല തോന്നലുകള്‍ ഉണ്ടാക്കുന്നുവെന്നും സുരക്ഷിതത്വം പ്രദാനം ചെയ്യുന്നുവെന്നുമെന്നാണ് അധികൃതര്‍ പറയുന്നത്. അനിവാര്യമായ മാറ്റമാണ് നിറങ്ങളുടെ മാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

പുതിയ തീരുമാനത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ഇനി കാവിനിറത്തിലുളള ജാക്കറ്റുകളാകും ധരിക്കുക. വനിതാമന്ത്രിമാര്‍ കാവിനിറത്തിനനുയോജ്യമായ സാരികള്‍ ഉപയോഗിക്കും മന്ത്രിസഭയിലെ ഏകസിഖ് അംഗമായ ബാല്‍ദേവ് കാവിനിറത്തിലുള്ള തലപ്പാവ് അണിയാനും മന്ത്രിസഭയിലെ മുസ്ലീം മുഖമായ മൊഹ്‌സിന്‍ റാസ കാവി നിറത്തിലുള്ള കുര്‍ത്ത ധരിക്കാനുമാണ് തീരുമാനം

ഇതിനകം തന്നെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയടക്കം നിരവധി മന്ത്രിമാര്‍ ഇരിപ്പിടത്തിന്റെ കവര്‍ കാവിനിറമാക്കിയിട്ടുണ്ട്. കാവി നിറമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിരവധി പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ബിഎസ്പിയുടെയും സമാജ് വാദി പാര്‍ട്ടിയുടെ കൊടിയുടെ നിറങ്ങളെ പോലും പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഇരിപ്പിടം കാവി നിറത്തിലുള്ള കസേരകള്‍ വേണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ വസ്ത്രം ഇതിനകം തന്നെ കാവിനിറത്തിലുള്ളതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഫ, കസേരകള്‍ എല്ലാം തന്നെ കാവി നിറത്തിലുള്ളതാണ്. 

ബിജെപി അധികാരത്തിലെത്തിയാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക പരിപാടിയില്‍ കുടിവെള്ളം പോലും ഓറഞ്ച് നിറമുള്ളതാകണം. ഇനി ആഹാരം പോലും കാവി നിറത്തിലുള്ളതാകുമോ എന്നതാണ് യുപിക്കാരുടെ ആശങ്ക