ആം ആദ്മിയില്‍ കലഹം മൂര്‍ച്ഛിക്കുന്നു; അമാനത്തുള്ളയെ തള്ളി കെജ് രിവാള്‍

കുമാര്‍ വിശ്വാസ് തനിക്ക് സഹോദര തുല്യനാണെന്നും, തങ്ങള്‍ക്കിടയില്‍ അകല്‍ച്ച് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും കെജ് രിവാള്‍
ആം ആദ്മിയില്‍ കലഹം മൂര്‍ച്ഛിക്കുന്നു; അമാനത്തുള്ളയെ തള്ളി കെജ് രിവാള്‍

ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുരുങ്ങി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം നേരിട്ട എഎപി നേതാവും, എംഎല്‍എയുമായ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗത്വം രാജിവെച്ചു. 

അട്ടിമറി നടത്തി പാര്‍ട്ടിയുടെ ഉന്നത സ്ഥാനം നേടിയെടുക്കാന്‍ കുമാര്‍ വിശ്വാസ് ഗൂഡാലോചന നടത്തിയെന്ന് അമാനത്തുള്ള ആരോപിച്ചിരുന്നു. എന്നാല്‍ അമാനത്തുള്ളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ ആവശ്യം ഉയരുകയായിരുന്നു. 

അമാനത്തുള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള 35 എംഎല്‍എമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിന് കത്തയച്ചിരുന്നു. 

പാര്‍ട്ടിയിലെ ഉന്നത സ്ഥാനം രാജിവെച്ചെങ്കിലും താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അമാനത്തുള്ള വ്യക്തമാക്കുന്നു. ബിജെപിക്ക് വേണ്ടിയാണ് പാര്‍ട്ടിയില്‍ അധികാര അട്ടിമറിക്ക് കുമാര്‍ വിശ്വാസ് ശ്രമിക്കുന്നത്. പാര്‍ട്ടിയെ രണ്ട് ചേരികളിലാക്കി വിഭജിച്ച് ദുര്‍ബലപ്പെടുത്താനാണ് വിശ്വാസിന്റെ നീക്കം.

എഎപി മന്ത്രിമാരേയും എംഎല്‍എമാരെയും സന്ദര്‍ശിച്ച് ഇവരുടെ പിന്തുണ നേടാനായിരുന്നു വിശ്വാസിന്റെ ശ്രമം. തന്നോടൊപ്പം ബിജെപിയിലേക്ക് എഎപിയുടെ എംഎല്‍എമാരെയും കൊണ്ടുപോകാനാണ് കുമാര്‍ വിശ്വാസ് ലക്ഷ്യം വയ്ക്കുന്നതെന്നും അമാനത്തുള്ള പറയുന്നു.

എന്നാല്‍ അമാനത്തുള്ളയുടെ ആരോപണങ്ങള്‍ കെജ്രിവാള്‍ തള്ളി. കുമാര്‍ വിശ്വാസ് തനിക്ക് സഹോദര തുല്യനാണെന്നും, തങ്ങള്‍ക്കിടയില്‍ അകല്‍ച്ച് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും കെജ് രിവാള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com