വിജയ് മല്യ ജൂലൈ 10ന് മുന്‍പ് ഹാജരാകണമെന്ന് സുപ്രീംകോടതി; കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനെന്നും കോടതി

സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി മല്യയെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
വിജയ് മല്യ ജൂലൈ 10ന് മുന്‍പ് ഹാജരാകണമെന്ന് സുപ്രീംകോടതി; കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനെന്നും കോടതി

ന്യൂഡല്‍ഹി: സാമ്പത്തിക കേസില്‍ ഇന്ത്യന്‍ കോടതികളും അന്വേഷണ ഏജന്‍സികളും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും നിയമത്തിന് മുന്നില്‍ വരാന്‍ തയ്യാറാകാത്ത വിജയ് മല്യയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 

യുകെയില്‍ കഴിയുന്ന മല്യയോട് ജൂലൈ 10ന് മുന്‍പ് കോടതിക്ക് മുന്‍പാകെ ഹാജരാകാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി മല്യയെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി മല്യയുടെ വാദം കേട്ടതിന് ശേഷമായിരിക്കും വായ്പ  തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി പറയുക.

കിങ്ഫിഷര്‍ കമ്പനിക്കായി വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത മല്യ ഇത് തിരിച്ചടയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് മല്യ നാടുവിട്ട വിവരം പുറത്തറിയുന്നത്. 

പിന്നീട് രാജ്യത്തേക്ക് തിരിച്ചെത്തി നിയമനടപടി നേരിടാന്‍ മല്യ തയ്യാറായിട്ടില്ല. 2016 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കമ്പനി ഡിയാഗോയില്‍ നിന്നും ലഭിച്ച 40 മില്യണ്‍ ഡോളര്‍ മല്യ വായ്പ തിരിച്ചടയ്ക്കാതെ മക്കളുടെ പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com