സുനന്ദയുടെ മരണത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍; കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് തരൂര്‍ 

പുതിയ ചാനലിന് ശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള ശ്രമം മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെന്നും തരൂര്‍ 
സുനന്ദയുടെ മരണത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍; കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് തരൂര്‍ 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതുതായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ശശി തരൂര്‍. പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ചാനലിനോട് ഇതെല്ലാം നിയമത്തിന് മുന്നില്‍ തെളിയിക്കാന്‍ തരൂര്‍ വെല്ലുവിളിച്ചു.

ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ദുരൂപയോഗം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. തനിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. പൊലീസിനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടു. പുതിയ ചാനലിന് ശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള ശ്രമം മാത്രമാണിത്. മൂന്ന് വര്‍ഷം അന്വേഷണം നടത്തിയിട്ടും മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. മാധ്യമങ്ങള്‍ പൊലീസിന്റേയോ, ജുഡീഷ്യറിയുടേയോ ജോലി ചെയ്യേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.

ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് നീക്കിയിടുകയായിരുന്നുവെന്നാണ് ടെലിവിന്‍ ചാനലിന്റെ വെളിപ്പെടുത്തല്‍. 

തരൂരിന്റെ അടുത്ത അനുയായി ആയി കരുതപ്പെടുന്ന വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടന്ന ദിവസം രാവിലെ 6.30ന് ഹോട്ടല്‍ വിട്ടെന്നാണ് ശശി തരൂര്‍ പറയുന്നത്. എന്നാല്‍ 6.30ന് ശേഷം ഹോട്ടലിലേക്ക് തിരിച്ചെത്തിയ കാര്യം തരൂര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ തരൂര്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും ചാനല്‍ പറയുന്നു.

ലീലാ ഹോട്ടലിലെ 307ാം നമ്പര്‍ മുറിയില്‍ നിന്നും 345ാം മുറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നുവെന്നാണ് ചാനലിന്റെ വെളിപ്പെടുത്തല്‍. തരൂരും സുനന്ദയുമായും തര്‍ക്കമുണ്ടായതായും, സുനന്ദ മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് വരെ ഈ തര്‍ക്കം തുടര്‍ന്നിരുന്നതായും തരൂരിന്റെ അനുയായിയെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ട്വിറ്ററില്‍ ഏറ്റുമുട്ടിയതിന് തൊട്ടടുത്ത ദിവസമായിരുന്നു സുനന്ദയുടെ മരണം. ഉറക്ക ഗുളിക അധികം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com