ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യ വിട്ടതായി അടുത്ത സഹായി: രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രം തിരിച്ചുവരും

ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യ വിട്ടതായി അടുത്ത സഹായി: രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രം തിരിച്ചുവരും

ചെന്നൈ:  കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി അദ്ദേഹത്തിന്റെ അടുത്ത സഹായിയും നിയമോപദേശകനുമായ ഡബ്ല്യു പീറ്റര്‍ രമേശ് കുമാര്‍. അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം ഇന്ത്യ വിട്ടു. രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രമാണ് ഇനി തിരിച്ചെത്തുകയെന്നും കുമാര്‍ വ്യക്തമാക്കി.

വിധിനടപ്പാക്കാന്‍ ചെന്നൈയിലെത്തിയ അഞ്ചംഗ പോലീസ് സംഘത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുലര്‍ച്ച വരെ ജസ്റ്റിസ് കര്‍ണന്‍ ചെപ്പോക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. പിന്നീട് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്ള കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയതായാണ് പോലീസിനും മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചത്. അതേസമയം, അദ്ദേഹം ക്ഷേത്രത്തിലേക്ക് പോയിട്ടില്ലെന്നാണ് കുമാര്‍ പറയുന്നത്.

അദ്ദേഹം നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കയറാനാണ് സാധ്യതയെന്ന് പറഞ്ഞ കുമാര്‍ യാത്രാ വഴികളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗം ഏതെങ്കിലും ഇന്ത്യന്‍ ബോര്‍ഡര്‍ വരെ എത്താന്‍ ഏകദേശം 36 മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.

ഇന്ന് പുലര്‍ച്ചെ അദ്ദേഹം ഇന്ത്യന്‍ ബോര്‍ഡര്‍ കടന്നു. റോഡ് മാര്‍ഗമാണ് കടന്നത്. ഹൈക്കോടതി ജഡ്ജിയായി നിയമിച്ച രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും അദ്ദേഹം തിരിച്ചെത്തുക. കുമാര്‍ പോലീസിനോട് പറഞ്ഞു. നീതി ലഭിക്കുന്നത് വരെ അദ്ദേഹം കീഴടങ്ങുകയില്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com