വോട്ടിങ് മെഷിന്‍ കൃത്രിമം തെളിയിക്കാന്‍ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 12th May 2017 01:41 PM  |  

Last Updated: 12th May 2017 03:48 PM  |   A+A-   |  

voting-story_647_051217123530_(1)

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍ കൃത്രിമം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഞായറാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച തങ്ങളുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി തെളിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിരിക്കുന്നത്. 

വോട്ടിങ് മെഷിന്‍ കൃത്രിമം നടന്നെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷിന്‍ ക്രമക്കേട് വ്യാപകമായി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസും എഎപിയും യോഗത്തില്‍ ആരോപിച്ചു. 

ഏഴ് ദേശീയ പാര്‍ട്ടികളേയും, 48 സംസ്ഥാന പാര്‍ട്ടികളേയുമാണ് സര്‍വകക്ഷി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ഷണിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ സുരക്ഷിതമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സര്‍വ കക്ഷി യോഗത്തില്‍ തള്ളി.