വോട്ടിങ് മെഷീന്‍ കൃത്രിമം; തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ വഴി തേടി സര്‍വകക്ഷി യോഗം

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 12th May 2017 08:23 AM  |  

Last Updated: 12th May 2017 10:36 AM  |   A+A-   |  

evm-tampering-demo_650x400_81494322618

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ കൃത്രിമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം അറിയാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. 55 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. 

ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തന്നെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന നിലപാടായിരിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുക. വിവിപാറ്റ് സംവിധാനം എല്ലാ വോട്ടിങ് യന്ത്രങ്ങളിലും ഉള്‍പ്പെടുത്തുക എന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പോട്ടു വയ്ക്കും. വിവിപാറ്റ് സംവിധാനം എപ്പോള്‍ മുതല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കും. കൂടാതെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷ രണ്ട് വര്‍ഷമാക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നയിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഇലക്ട്രോണിക് വോട്ടിങ് മെഷിന് എതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി അസംബ്ലിയുടെ പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്തായിരുന്നു എഎപി വോട്ടിങ് മെഷിന്‍ ക്രമക്കേട് നടത്താന്‍ സാധിക്കുമെന്ന് തത്സമയം തെളിയിച്ചത്.

90 സെക്കന്റ് മാത്രം കൊണ്ട് എഎപി എംഎല്‍എ സൗരഭ് ബരത്വാജായിരുന്നു ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് തെളിയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ള വോട്ടിങ് യന്ത്രമല്ല ഡല്‍ഹി നിയമസഭയില്‍ ഉപയോഗിച്ചതെന്നായിരുന്നു കമ്മിഷന്റെ പ്രതികരണം. 

പഞ്ചാബിലേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു എഎപി ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. എന്നാല്‍ എഎപിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് മെഷിന്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.