കുട്ടികളെ, ശനിയാഴ്ചകളില്‍ പുസ്തക സഞ്ചി വേണ്ടെന്ന് യോഗി ആദിത്യനാഥ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 13th May 2017 09:44 PM  |  

Last Updated: 13th May 2017 09:44 PM  |   A+A-   |  

school-reuters

ലഖ്‌നോ: കുട്ടികള്‍ക്ക് സന്തോഷവാര്‍ത്തയുമായി യോഗി ആദിത്യനാഥ്. ഇനി ശനിയാഴ്ച ദിവസങ്ങളില്‍ പുസ്തക സഞ്ചിയില്ലാതെയാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ടത്. ശനിയാഴ്ചകളില്‍ കുട്ടികള്‍ കളിയും ചിരിയുമായി ആര്‍ത്തുല്ലസിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നുമുതല്‍ 12 ക്ലാസ് വരെയാണ് യുപി സര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണം.

കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്ന നിലയിലാണ് തീരുമാനം. കൂടാതെ കുട്ടികളുടെ വ്യക്തിത്വ നിര്‍മ്മാണത്തിനും വികാസത്തിനും ഇത് സഹായകമാകും. കുട്ടികള്‍ക്ക് ഭാരമേറിയ ബാഗുകള്‍ ഒരു ദിവസം മാറ്റിവെക്കാമെന്ന് മാത്രമല്ല അധ്യാപകരും കുട്ടികളുമായുള്ള ബന്ധം ഊഷ്മളമാക്കാനും കഴിയുമെന്നും ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു. 

തങ്ങളുടെ ഭാരത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ ഭാമുള്ള ബാഗുകളാണ് കുട്ടികള്‍ ദിവസവും ചുമക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അധ്യാപസംഘടനകള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ ക്ലാസുകള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ മടി കാണിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. അതേ സമയം ഉച്ചവരെ കഌസും ഉച്ച കഴിഞ്ഞ് കളിയും എന്നതാകും നല്ലതെന്നും അധ്യാപകര്‍ പറയുന്നു