കെജ് രിവാള്‍ തീഹാര്‍ ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല; കെജ് രിവാളിനെതിരെ അഴിമതി ആരോപണങ്ങളുമായി കപില്‍ മിശ്ര

കഴിഞ്ഞ മൂന്ന് വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തെറ്റായ സാമ്പത്തിക വിവരങ്ങളാണ് കെജ് രിവാള്‍ നല്‍കുന്നതെന്നും ആരോപിച്ച കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു
കെജ് രിവാള്‍ തീഹാര്‍ ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല; കെജ് രിവാളിനെതിരെ അഴിമതി ആരോപണങ്ങളുമായി കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി കപില്‍ മിശ്ര. കള്ളപ്പണം വെളുപ്പിക്കാന്‍ കെജ് രിവാള്‍ നൂറു കണക്കിന് പേപ്പര്‍ കമ്പനികള്‍ ആരംഭിച്ചതായി കപില്‍ മിശ്ര ആരോപിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തെറ്റായ സാമ്പത്തിക വിവരങ്ങളാണ് കെജ് രിവാള്‍ നല്‍കുന്നതെന്നും ആരോപിച്ച കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു.

ആക്‌സിസ് ബാങ്ക് ഉപയോഗിച്ചാണ് കെജ് രിവാള്‍ കള്ളപ്പണം വെളുപ്പിച്ചത്. 2013-14ല്‍ എഎപിക്ക് 45 കോടി രൂപ സംഭാവനയായി ലഭിച്ചെങ്കിലും 20 കോടി രൂപ മാത്രമാണ് രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും കപില്‍ മിശ്ര ആരോപിക്കുന്നു. ആദായനികുതി വകുപ്പിന്റെ അന്വേഷണം വന്നതോടെ ഈ കാലയളവില്‍ ലഭിച്ച സംഭാവന 30 കോടിയാണെന്ന് എഎപി അറിയിച്ചു. എന്നാര്‍ യഥാര്‍ഥത്തില്‍ 45 കോടി രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് കെജ് രിവാളും കൂട്ടരും അപ്പോഴും മറച്ചുവെച്ചതായി കപില്‍ മിശ്ര പറഞ്ഞു. 

ഡല്‍ഹിയിലെ ജനങ്ങളെ എഎപി വിഡ്ഡികളാക്കുകയായിരുന്നു. മൊഹല്ല ക്ലിനിക്കുമായി ബന്ധപ്പെട്ടും കോടികളുടെ അഴിമതിയാണ് എഎപി നടത്തിയിരിക്കുന്നത്. താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാന്‍ തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും മുന്‍ ഡല്‍ഹി മന്ത്രി അവകാശപ്പെടുന്നു. തെളിവുകളടങ്ങിയ രേഖകള്‍ സിബിഐയ്ക്ക് കൈമാറിയതായും കപില്‍ മിശ്ര വ്യക്തമാക്കുന്നു. 

അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ കെജ് രിവാള്‍ രാജിവയ്ക്കാന്‍ തയ്യാറാകണം. തന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ സൃഷ്ടിച്ച് പൊലീസ് തന്നെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും, തന്റെ വെളിപ്പെടുത്തലുകള്‍ തടയുകയാണ് ഇവരുടെ നീക്കമെന്നും  മിശ്ര പറഞ്ഞിരുന്നു. 

കെജ് രിവാളിനെ താന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെ ഇറക്കും. അതിന് ശേഷം ജയിലിലാക്കും. കഴിഞ്ഞ നാല് ദിവസമായി താന്‍ നിരാഹാര സമരത്തിലാണെന്നും കപില്‍ മിശ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com