കര്‍ഷക സ്‌നേഹം കാണിക്കാന്‍ 350 കിലോമീറ്റര്‍ കാളവണ്ടിയിലെത്തിയ ബിജെപി എംഎല്‍എ കാളവണ്ടിക്കാരന് പണം നല്‍കിയില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2017 03:18 PM  |  

Last Updated: 17th May 2017 04:19 PM  |   A+A-   |  

rajput759

ലഖ്‌നോ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യനിയമസഭാ സമ്മേളനത്തിന് കാളവണ്ടിയിലെത്തിയ എംഎല്‍എ കാളവണ്ടിക്കാരന് പണം നല്‍കിയില്ലെന്ന് ആരോപണം. ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള എംഎല്‍എ രാജ്പൂട്ടാണ് പണം നല്‍കാതെ കാളവണ്ടിക്കാരനെ പറ്റിച്ചത്. 350 കിലോമീറ്റര്‍ താണ്ടിയാണ് നാലുദിവസം കൊണ്ട് എംഎല്‍എയെയും കൊണ്ട് കാളവണ്ടിക്കാരന്‍ നിയമസഭാ സമ്മേളനത്തിനെത്തിയത്. പൊലീസുകാരന്റെയും രണ്ട് അകമ്പടിക്കാരോടൊപ്പം പൂക്കള്‍കൊണ്ട അലങ്കരിച്ച കാളവണ്ടിയിലായിരുന്നു എംഎല്‍എയുടെ യാത്ര. കാളവണ്ടിയില്‍ നിയമസഭയിലെത്തിയ എംഎല്‍എയുടെ ചിത്രം വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു 

നിയമസഭയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഫോട്ടോയെടുത്തശേഷം എംഎല്‍എ മുങ്ങുകയായിരുന്നെന്ന് കാളവണ്ടിക്കാരനായ രാം ലെഖാന്‍ പറയുന്നു. എംഎല്‍എ ഇപ്പോള്‍ തിരിച്ചുവരുമെന്ന് കരുതി മണിക്കൂറുകളോളം കാത്തിരുന്നതായും അദ്ദേഹം പറഞ്ഞു. 

താന്‍ രാഷ്ട്രീയക്കാരനല്ലെന്നും കര്‍ഷകനാണെന്നുമായിരുന്നു എംഎല്‍എയുടെ അവകാശവാദം.  54കാരനായ എംഎല്‍എ സര്‍ക്കാര്‍ കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിലക്കൊള്ളുന്നതെന്നും രാജ്യത്തിന്റെ പുരോഗതി കാര്‍ഷികമേഖലയിലൂടെ മാത്രമെ സാധ്യമാകുമെന്നും മോദി സര്‍ക്കാരും യോഗി സര്‍ക്കാരും കര്‍ഷകര്‍ക്കായി നിരവധി കാര്യങ്ങളാണ് ചെയ്യുന്നതെന്നുമായിരുന്നു എംഎല്‍എ അഭിപ്രായപ്പെട്ടത്. തന്റെ കാളവണ്ടിയിലുള്ള യാത്രയെ രാഷ്ട്രീയക്കാര്‍ക്കുള്ള മാതൃകയാണെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കായി പരിശ്രമിക്കുമെന്നുമായിരുന്നു യാത്രചെയ്‌തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കാളവണ്ടിയുമായി യാത്രതിരിച്ചപ്പോള്‍ എംഎല്‍എയില്‍ നിന്നും പതിനായിരം രൂപയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുദിവസം 2500 രൂപ വെച്ച് ജാന്‍സിയില്‍ നിന്ന് ലഖ്‌നോ 350 കിലോമീറ്ററാണ് താണ്ടിയതെന്നും കാളവണ്ടിക്കാരന്‍ പറഞ്ഞു