ബിജെപി ഓഫീസിന് മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധം, നിരവധി പേര്‍ക്ക് പരുക്ക്

ലാലുവിനെതിരായ ആരോപണത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പേര്‍ക്ക് പരുക്ക് - ഷര്‍ട്ടൂരി നൂറ് കണക്കിന് യുവാക്കളാണ് ആര്‍ജെഡി മാര്‍ച്ചില്‍ പങ്കെടുത്തത്‌
ബിജെപി ഓഫീസിന് മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധം, നിരവധി പേര്‍ക്ക് പരുക്ക്

പാറ്റ്‌ന: ബീഹാറിലെ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദിന് ബിനാമി സ്വത്തുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിന് മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ ആറ് പേര്‍ക്ക് പരുക്കേറ്റു.ബിജെപി ആസ്ഥാനമന്ദിരത്തിലേക്ക് നടത്തിയ ആര്‍ജെഡി മാര്‍ച്ചില്‍ നൂറ് കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. ലാലു സിന്ദാബാദ് എന്ന മൂദ്രാവാക്യം വിളിച്ചവര്‍ ബിജെപി ഓഫീസിന് മുന്നിലെ കാര്‍ തകര്‍ത്തതോടെ ബിജെപി പ്രവര്‍ത്തകരും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ആക്രമത്തെ തുടര്‍ന്ന് റോഡിന് ഇരുവശവും നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി.

സംഭവത്തിന് ശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ മോഡി ഡിജിപിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. ലാലുവിനെതിരായ ആരോപണത്തില്‍ ബിജെപി ഓഫീസ് തകര്‍ക്കുന്നത് ലജ്ജാകരമാണെന്നും സുശീല്‍ മോദി പറഞ്ഞു. അധികാരത്തിന്റെ തണലിലാണ് ആര്‍ജെഡി ആക്രമം അഴിച്ചുവിടുന്നതെന്നും ഇതാണോ നല്ല ഭരണസംവിധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അകാരണമായി ഇരുകൂട്ടരും സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്തി രംഗം ശാന്തമാക്കി. 

ലാലുവിന് ആയിരം കോടിയുടെ ബിനാമി സ്വത്തുക്കളുണ്ടെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി ലാലുവുമായി ബന്ധമുള്ള വ്യവസായികളുടെ വസതികളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ തന്നെ നിശബ്ദനാക്കാന്‍ വേട്ടയാടുകയാണെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com