അരുന്ധതിയെ കെട്ടുന്ന ജീപ്പിനു മുന്നില്‍ എന്നെയും കെട്ടിയിട്ടോളൂ; റാവലിനു സഞ്ജീവ് ഭട്ടിന്റെ മറുപടി 

അരുന്ധതിയെ കെട്ടുന്ന ജീപ്പിനു മുന്നില്‍ എന്നെയും കെട്ടിയിട്ടോളൂ; റാവലിനു സഞ്ജീവ് ഭട്ടിന്റെ മറുപടി 

ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തിന്റെ ജീപ്പില്‍ മനുഷ്യകവചമായി എഴുത്തുകാരി അരുന്ധതി റോയിയെയാണ് കെട്ടിയിടേണ്ടത് എന്ന ബിജെപി എംപി പരേഷ് റാവലിന്റെ പ്രസ്താവനയ്ക്ക് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭ്ട്ടിന്റെ മറുപടി. അരുന്ധതിയെ കെട്ടുന്ന ജീപ്പില്‍ അവര്‍ക്കു മുന്നിലായി തന്നെയും കെട്ടിയിടണമെന്ന് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. കശ്മീരിനെക്കുറിച്ച് അരുന്ധതി റോയ് പറയുന്ന കാര്യങ്ങളോട് തനിക്കു യോജിപ്പാണെന്നും സഞ്ജീവ് ഭട്ടിന്റെ ട്വീറ്റിലുണ്ട്.

അരുന്ധതി റോയിയെ പരിഹസിച്ച് ഹിന്ദി സിനിമ നടന്‍ കൂടിയായ പരേഷ് റാവല്‍ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. കശ്മീരില്‍ മനുഷ്യകവചമായി യുവാവിനു പകരം അരുന്ധതി റോയിയെ കെട്ടിവയ്ക്കണമെന്നായിരുന്നു റാവലിന്റെ ട്വീറ്റ. 

ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജിവ് ഭട്ട് വംശഹത്യാകാലത്തും വ്യാജ ഏറ്റുമുട്ടലുകളിലും എടുത്ത നിലപാടുകളുടെ പേരിലാണ് ശ്രദ്ധേയനായത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഭട്ട് മോദിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 


അതിനിടെ റാവലിന്റെ പ്രസ്താവനയെ പിന്തുണച്ച് സിനിമ നിര്‍മാതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റ് രംഗത്തു വന്നു. അരുന്ധതി റോയി ദേശവിരുദ്ധയാണെന്ന് അശോക് പണ്ഡിറ്റ് ആരോപിച്ചു. പരേഷ് റാവലിന്റേത് എല്ലാ വികാരവും ഉള്‍ക്കൊള്ളുന്ന പ്രതികരണമാണ്. കശ്മീരിലെ ഭീകരരെ പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് പണ്ഡിറ്റ് കുറ്റപ്പെടുത്തി. 


കഴിഞ്ഞ ദിവസം ശ്രീനഗറിലെത്തിയ അരുന്ധതി കശ്മീരിലെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന് പ്രതികരണമായിട്ടായിരുന്നു റാവലിന്റെ ട്വീറ്റ്. 

കഴിഞ്ഞ ഏപ്രിലില്‍ ജനക്കൂട്ടത്തിന്റെ കല്ലേറ് തടയുന്നതിനായി  സൈനിക വാഹനത്തിന് മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട വിഡിയോ പുറത്തുവന്നിരുന്നു.  ശ്രീനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ റീപോളിങ്ങിനിടെയായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com