ചൈനാ അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മലയാളി 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 25th May 2017 07:59 AM  |  

Last Updated: 25th May 2017 01:25 PM  |   A+A-   |  

ന്യുഡല്‍ഹി: കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ യുദ്ധ വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരില്‍ ഒരാള്‍. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍. കാണാതായ വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവന്‍. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേനാ താവളത്തിലേക്ക് തിരിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ സുഖോയ് എസ് യു 30 ഫൈറ്റര്‍ ജറ്റ് വിമാനം കാണാതായത്.തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്. 

വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്.