സ്വന്തം മണ്ണില്‍ ജീവിക്കാനാവാതെ ഇന്ത്യയില്‍ കുടിയൊഴിയേണ്ടിവന്നവര്‍ എട്ടുലക്ഷം

കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയില്‍ ആഭ്യന്തര പലായനം നടത്തിയത് 4.48 ലക്ഷം പേരാണ്
സ്വന്തം മണ്ണില്‍ ജീവിക്കാനാവാതെ ഇന്ത്യയില്‍ കുടിയൊഴിയേണ്ടിവന്നവര്‍ എട്ടുലക്ഷം

കൊച്ചി: സ്വന്തം ജന്മഗേഹങ്ങളില്‍ താമസിക്കാന്‍ പറ്റാതെ പലായനം ചെയ്യപ്പെടേണ്ടുന്ന നിസ്സഹായര്‍ ഗ്രീസിലോ പലസ്തീനിലോ മാത്രമല്ല; ഇന്ത്യയിലുമുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിനെയും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവരും പലായനം ചെയ്യപ്പെട്ടവരുമായി ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയുടെ മണ്ണിലുമുണ്ട് എന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത് ആഭ്യന്തര പലായന നിരീക്ഷണകേന്ദ്രവും നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സിലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ്.
കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയില്‍ ആഭ്യന്തര പലായനം നടത്തിയത് 4.48 ലക്ഷം പേരാണ്. കുടിയിറങ്ങേണ്ടിവന്നവരുടെ കണക്ക് എട്ടുലക്ഷത്തോളം വരും. അസമത്വങ്ങളും അസഹിഷ്ണുതയും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായാണ് പലായനം ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്.
മണിപ്പൂര്‍, ജമ്മു- കാശ്മീര്‍, നാഗാലാന്റ്, ആസാം തുടങ്ങിയ സ്ഥലങ്ങളിലുള്ള ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകളും സായുധസേനകള്‍ക്ക് പ്രത്യേകാധികാരം നല്‍കിയ നടപടിയുമൊക്കെയാണ് പലായനത്തിന് കാരണമായി കണക്കാക്കുന്ന ഘടകങ്ങളിലൊന്ന്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാതീയമായ സംഘര്‍ഷങ്ങളാണ് പലായനത്തിന് വഴിയൊരുക്കുന്നത്. വംശീയവും സാമുദായികവുമായ ചേരിതിരിവുകളും സംഘര്‍ഷങ്ങളും ചില സംസ്ഥാനങ്ങളില്‍ പലായനത്തിന് കാരണമാകുമ്പോള്‍ മാവോയിസ്റ്റ് സ്വാധീനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം നടത്തുന്നതാണ് ചില സംസ്ഥാനങ്ങളിലുള്ളത്.
വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയറക്കപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷംമാത്രം കുടിയിറക്കപ്പെട്ട എട്ടുലക്ഷംപേരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഏറിയപങ്കും പിന്നോക്ക സമുദായത്തില്‍ പെട്ടവരോ പദ്ധതികൊണ്ട് നേരിട്ട് ഒരു ഗുണവും അനുഭവിക്കാത്തവരുമാണ്. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരംകൊണ്ട് പുതിയൊരു സ്ഥലത്ത് ജീവിതം കരൂപ്പിടിപ്പിക്കാനാവാതെ അക്ഷരാര്‍ത്ഥത്തില്‍ പലായനം ചെയ്യുകയോ അഭയാര്‍ത്ഥികളെപ്പോലെ ജീവിതം തള്ളിനീക്കപ്പെടുകയോ ചെയ്യുന്നവരാണ്. പുതിയൊരു സ്ഥലത്ത് എത്തുന്നതോടെ ദേശം, വംശം, സമുദായം എന്നിവയുടെ പേരില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com