രാമജന്‍മഭൂമി വികാരം ഉയര്‍ത്തി വിടാന്‍ നീക്കം;യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു 

5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മുഖ്യമന്ത്രി അയോധ്യയിലെ തര്‍ക്ക ഭൂമി സന്ദര്‍ശിക്കുന്നത്
രാമജന്‍മഭൂമി വികാരം ഉയര്‍ത്തി വിടാന്‍ നീക്കം;യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു 

അയോധ്യ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമക്ഷേത്ര തര്‍ക്കഭൂമി സന്ദര്‍ശിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മുഖ്യമന്ത്രി അയോധ്യയിലെ തര്‍ക്ക ഭൂമി സന്ദര്‍ശിക്കുന്നത്. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ പ്രതികളായ ബിജെപി നേതാക്കള്‍ക്ക് വിടുതല്‍ നല്‍കില്ല എന്ന് ലക്‌നൗ കോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമാണ് ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പരിസരത്ത് താത്കാലികമായി നിര്‍മിച്ച രാമക്ഷേത്രത്തിലും ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലും ആദിത്യനാഥ് ദര്‍ശനം നടത്തി. രാമജന്‍മഭൂമി നേതാവ് മഹാനാഥ് നൃത്യ ഗോപാല്‍ ദാസിന്റെ ജന്‍മദിനാഘോഷങ്ങളിലും ആദിത്യനാഥ് പങ്കെടുക്കുന്നുണ്ട്. ഗൂഢാലോചനക്കേസില്‍ പ്രതിയായ ആളാണ് ഗോപാല്‍ ദാസ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന രാംലീല ആഘോഷം ഇത്തവണ നടത്താന്‍ ആദിത്യാനാഥ് അനുമതി നല്‍കിയിരുന്നു. 

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് ഗൂഡാലോചനക്കുറ്റം നിലനില്‍ക്കുന്ന ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി അടക്കമുള്ളവരോട് ഇന്നലെ ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് അധികാരത്തിലേറിയ ശേഷം ആദിത്യനാഥ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചരണായുധവും രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു. 

ആദിത്യനാഥ് തര്‍ക്കഭൂമി സന്ദര്‍ശിച്ചതോടെ വീണ്ടും രാമജന്‍മഭൂമി വികാരം ഉയര്‍ത്തിവിടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്‌.ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരേയും ആദിത്യനാഥിന്റെ സന്ദര്‍ശനത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com