മാനസിക ആസ്വാസ്ഥ്യമുള്ള യുവാവിനെ തലകീഴായി കെട്ടിത്തൂക്കി; തല്ലിക്കൊന്നു, കാഴ്ചക്കാരനായി പൊലീസുകാരനും

അല്‍പ്പം പോലും കരുണയില്ലാത്ത ഈ കൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മാനസിക ആസ്വാസ്ഥ്യമുള്ള യുവാവിനെ തലകീഴായി കെട്ടിത്തൂക്കി; തല്ലിക്കൊന്നു, കാഴ്ചക്കാരനായി പൊലീസുകാരനും

താനെ: മുംബൈയിലെ താനെയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്തി. പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. യുവാവിന്റെ കയ്യും കാലും കെട്ടി മരക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കിയായിരുന്നു കൊലപാതകം. അല്‍പ്പം പോലും കരുണയില്ലാത്ത ഈ കൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

28 വയസുള്ള യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആളുകള്‍ ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. ഇയാളുടെ ശരീരത്തിലെ അവസാന ശ്വാസം നിലയ്ക്കും വരെയും പീഡനം തുടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു.

എന്തിനാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. ഇയാള്‍ പ്രദേശത്തെ കടകളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊല്ലുകയായിരുന്ന് എന്ന് ചില പ്രദേശവാസികള്‍ പറഞ്ഞു. 

കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം യുവാവ്, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവെന്നും പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ പ്രതികളായ അമിത് പട്ടീല്‍, സാഗര്‍ പട്ടീല്‍, ബല്‍റാം എന്നീ മൂന്ന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും വലിയ ക്രൂരത കണ്‍മുന്നില്‍ കണ്ടിട്ടും പ്രതികരിക്കാത്തതിന് എച്ച് എന്‍ ഗരുഡ്, എസ് വി കഞ്ചാവെ തുടങ്ങിയ രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെ സസ്‌പെന്‍ഡ് ചെയ്തതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com