രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേക കോടതി; ആറാഴ്ചയ്ക്കകം പദ്ധതിരൂപരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് അടക്കമുള്ളവ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണ് നടപടി
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേക കോടതി; ആറാഴ്ചയ്ക്കകം പദ്ധതിരൂപരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി പ്രത്യേക കോടതി രൂപീകരിക്കല്‍ നിര്‍ദേശം സുപ്രീംകോടതിയുടെ സജീവപരിഗണനയില്‍. ഇതുസംബന്ധിച്ച് ആറാഴ്ചയ്ക്കകം പദ്ധതിരൂപരേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന്  സുപ്രീംകോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് അടക്കമുള്ളവ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണ് നടപടി. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതേയ്ക കോടതി രൂപീകരണത്തിനായി എത്ര ഫണ്ട് നീക്കിവെയ്ക്കാനാകും എന്നിവ അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനും കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. 

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എട്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശപത്രികകളിലെ സത്യവാങ്മൂലം പ്രകാരം 1581 ക്രിമിനല്‍ കേസുകളുണ്ടെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. ഇതില്‍ എത്ര എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു തുടങ്ങിയ കാര്യങ്ങളും കോടതി വിശദീകരണം തേടി. രാജ്യ താല്‍പ്പര്യം പരിഗണിച്ച്, ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.  

അഭിഭാഷകനായ അശ്വനികുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം, ഇവരുടെ കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു. നിലവില്‍ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നവരുടെ എംപി, എംഎല്‍എ സ്ഥാനം ഉടന്‍ നഷ്ടമാകും. കൂടാതെ ശിക്ഷ തീരുന്ന അന്നുമുതല്‍ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി 2013 ല്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ ആജീവനാന്തം വിലക്കേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലിച്ചിരുന്നു. മാര്‍ച്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇത്തരം നീക്കം രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിന് ഉതകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷക മീനാക്ഷി അറോറ കോടതിയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം ആജീവനാന്ത വിലക്ക് എന്ന നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍, വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍, ഇത്തരം നിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും, ലോ കമ്മീഷന്റെയും സജീവ പരിഗണനയിലാണെന്ന് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com