അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി ഉണ്ടാവില്ല, പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം

ഹജ് സബ്‌സിഡി ഒഴിവാക്കുന്നതിന് സുപ്രിം കോടതി നിര്‍ദേശിച്ച 2022 വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി ഉണ്ടാവില്ല, പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കുന്ന സബ്‌സിഡി ഉടന്‍ പിന്‍വലിക്കണമെന്ന പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജ് കമ്മിറ്റി ഒാഫ് ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടയിലാണ് അടുത്ത വര്‍ഷം തന്നെ സബ്‌സിഡി ഇല്ലാതാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. 

2022 ആവുമ്പോഴേക്കും ഘട്ടം ഘട്ടമായി സബ്‌സിഡി ഇല്ലാതാക്കാനുള്ള 2012 ലെ സുപ്രീംകോടതി വിധിയെ ഹജ്ജ് കമ്മിറ്റി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി 2022 വരെ കാത്തുനില്‍ക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. പുതിയ ഹജ്ജ് നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂനപക്ഷം, വിദേശകാര്യം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യയിലേയും ഹജ്ജ് കമ്മിറ്റിയിലേയും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. 

അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡിയുണ്ടാവില്ലെന്ന് കേന്ദ്രം തീരുമാനിച്ചതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹജ്ജ് സബ്‌സിഡിക്കായി ചെലവാക്കുന്ന പണം രാജ്യത്തെ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ക്ഷേമത്തിനുമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹജ്ജിന് പോകുന്നവരുടെ വിമാനനിരക്ക് വെട്ടിക്കുറക്കാനാണ് പ്രധാനമായും സബ്‌സിഡി ഉപയോഗിക്കുന്നത്. ഇത് ഇല്ലാതാകുന്നതോടെ തീര്‍ത്ഥാടകരുടെ വിമാനടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകും. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടാന്‍ പോകുന്നത് ചെറിയ നഗരത്തില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നവരെയാണ്. അസം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വളരെ കുറച്ചുപേരാണ് പോകുന്നത്. സൗദി അറേബ്യയിലേക്ക് എപ്പോഴും വിമാനങ്ങളില്ലാത്ത ഇത്തരം ചെറിയ നഗരങ്ങളിലെ വിമാന നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകുമെന്നും ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇത് ഒഴിവാക്കാന്‍ ചെറിയ നഗരങ്ങളില്‍ നിന്നുള്ള പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങളും പ്രത്യേക കമ്മിറ്റി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

2012 ന് മുന്‍പ് വരെ ഹജ്ജ് സബ്‌സിഡി ഇനത്തില്‍ പ്രതിവര്‍ഷം ഏകദേശം 650 കോടിയാണ് ചെലവാക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം സബ്‌സിഡിയില്‍ കാര്യമായി കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 450 കോടി രൂപയായി ചുരുങ്ങി. 

ഹജ്ജ് പോകുന്നതിന് സബ്‌സിഡി നല്‍കുന്നതിനെതിരേ ഹിന്ദുത്വ സംഘടനകള്‍ വാളോങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാജ്യത്തെ മത നിരപേക്ഷ മുഖത്തിന് ഇത് എതിരാണെന്നും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സബ്‌സിഡി കൊടുക്കുന്നതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഹജ്ജ് സബ്‌സിഡി ഉയര്‍ത്തിക്കാട്ടി ഹിന്ദു തീര്‍ത്ഥാടനകള്‍ക്ക് സബ്‌സിഡി വേണമെന്ന നിലപാടും ഹിന്ദുത്വ സംഘടനകള് സ്വീകരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com