കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ അടക്കം714 ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്ത്; ബിജെപി എംപി ആര്‍ കെ സിന്‍ഹയും, അമിതാഭ് ബച്ചനും പട്ടികയില്‍ 

180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അടങ്ങുന്ന പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ആം സ്ഥാനമാണ്‌
കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ അടക്കം714 ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്ത്; ബിജെപി എംപി ആര്‍ കെ സിന്‍ഹയും, അമിതാഭ് ബച്ചനും പട്ടികയില്‍ 

ന്യൂഡല്‍ഹി : ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തെ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരടക്കം പട്ടികയില്‍ ഇടെപിടിച്ചിട്ടുണ്ട്. വിദേശത്തുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ തിരിച്ചുവരുമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിച്ചാണ് ബിജെപി നേതാക്കളുടെ കള്ളപ്പണ രഹസ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങ്ങും അന്വേഷണാത്മ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെയും 96 ന്യൂസ് ഓര്‍ഗനൈസേഷനുകളുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് വന്‍ കള്ളപ്പണക്കാരുടെ പേരുകള്‍ വെളിയിലായത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലുള്ള പട്ടികയില്‍ 180 രാജ്യങ്ങളിലായി ലോകത്തെ നിരവധി രാഷ്ട്രീയ, ഭരണ നേതാക്കള്‍, കായിക, വിനോദ മേഖലകളിലുള്ളവര്‍ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കള്ളപ്പണക്കാരുടെ പേരുവിവരങ്ങളടങ്ങിയ പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട ഐസിഐജെ തന്നെയാണ് ഞായറാഴ്ച രാത്രി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടേതായി 13.4 ദശലക്ഷം ഫയലുകളാണ് പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ആം സ്ഥാനമാണ്. 714 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. രേഖകളിലേറെയും ബര്‍മുഡയിലെ ആപ്പിള്‍ബൈ എന്ന സ്താപനത്തില്‍ നിന്നുള്ളതാണ്. 119 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനം ടാക്‌സ് അഡൈ്വസര്‍ എന്നിതിനേക്കാള്‍ അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ ആഗോള ശൃംഖലയാണ്. രാജ്യാന്തര തലത്തില്‍ ആപ്പിള്‍ബൈയില്‍ രണ്ടാമത്തെ വലിയ ഇടപാടുകാര്‍ ഇന്ത്യക്കാരാണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. നന്ദലാല്‍ ഖംകയുടെ ഉടമസ്ഥതയിലുള്ള സണ്‍ഗ്രൂപ്പാണ് രണ്ടാമത്തെ വലിയ ഇടപാടുകാരായ ഇന്ത്യന്‍ കമ്പനി. ഇതടക്കം ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള വിദേശത്തെ 118 സ്ഥാപനങ്ങള്‍ പട്ടികിയല്‍ ഇടംപിടിച്ചിട്ടുണ്ട്. 

സണ്‍ ടിവി, എസ്സാര്‍ ലൂപ്, എസ്എന്‍സി ലാവലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍സ്, വീഡിയോകോണ്‍, അപ്പോളോ ടയേഴ്‌സ്, ഹാവെല്‍സ്, എംജിഎഫ്, ഡിഎസ് കണ്‍സ്ട്രക്ഷന്‍സ്, ഹിരാനന്ദനി, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ കമ്പനികള്‍ പട്ടികയില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ട്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയുടെ നിരീക്ഷണത്തിലുള്ള കമ്പനികളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇതില്‍ സിക്വിസ്റ്റ ഹെല്‍ത്ത്‌കെയറില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും, മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍മാരായിരുന്നു.

ഇന്ത്യയില്‍ നിന്നും ജയന്ത് സിന്‍ഹയ്ക്കും ആര്‍കെ സിന്‍ഹയ്ക്കും പുറമെ, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ, അമിതാഭ് ബച്ചന്‍, ചലച്ചിത്രതാരം സഞ്ജയ് ദത്തിന്റെ ഭാര്യ ദില്‍നാഷിന്‍ ( മാന്യത ദത്ത് ) എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, അമേരിക്കന്‍  വാണിജ്യസെക്രട്ടറി വില്‍ബര്‍ റോസ്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മരുമകന്‍ തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയും ബിജെപി എംപിയും ഉള്‍പ്പെട്ട കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com