69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിയത് 10 ലക്ഷം കോണ്ടം; ഓണ്‍ലൈനില്‍ കോണ്ടം വില്‍പ്പന പൊടിപൊടിക്കുന്നു

എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫ്രീ കോണ്ടം സ്‌റ്റോറിലൂടെയാണ് ഇത്രയധികം കോണ്ടം വിറ്റുപോയത്
69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിയത് 10 ലക്ഷം കോണ്ടം; ഓണ്‍ലൈനില്‍ കോണ്ടം വില്‍പ്പന പൊടിപൊടിക്കുന്നു

ന്യൂഡല്‍ഹി: ചില വസ്തുക്കള്‍ കടകളില്‍ ചെന്ന് നേരിട്ടു വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. അത്തരം വസ്തുക്കളില്‍ മുന്‍ നിരയിലുള്ള ഒന്നാണ് കോണ്ടം. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്. 69 ദിവസങ്ങള്‍കൊണ്ട് ഇന്ത്യക്കാര്‍ 10 ലക്ഷം കോണ്ടങ്ങളാണ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫ്രീ കോണ്ടം സ്‌റ്റോറിലൂടെയാണ് ഇത്രയധികം കോണ്ടം വിറ്റുപോയത്. 

ഏപ്രില്‍ 28 നായിരുന്നു സ്റ്റോര്‍ ആരംഭിക്കുന്നത്. ഇതുവരെ 9.56 ലക്ഷം കോണ്ടങ്ങളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 5.14 ലക്ഷം കോണ്ടം ആവശ്യപ്പെട്ടിരിക്കുന്നത് വിവിധ സംഘടനകളും ഗവണ്‍മെന്റ് ഇതര സംഘടനകളുമാണ്. ബാക്കി 4.41 ലക്ഷം കോണ്ടങ്ങളാണ് വ്യക്തികള്‍ വാങ്ങിയിരിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരും ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 

ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ലിമിറ്റഡിന്റെ പങ്കാളിത്തത്തിലാണ് സ്റ്റോര്‍ സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫൗണ്ടേഷന്റെ ഇന്ത്യ പ്രോഗ്രാം ഡയറക്റ്റര്‍ ഡോ. വി സാം പ്രസാദ്. ഡിസംബര്‍ വരെ പത്ത് ലക്ഷം കോണ്ടം മതിയെന്നായിരുന്ന ഫൗണ്ടേഷന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ജൂലൈയുടെ ആദ്യ ആഴ്ച തന്നെ സ്‌റ്റോക് തികയാതെയായി. പിന്നീട് ബുക് ചെയ്ത 20 ലക്ഷം കോണ്ടം നവംബറിന്റെ അവസാന ആഴ്ച ലഭിക്കും. ഓര്‍ഡര്‍ ലഭിച്ചിരിക്കുന്ന ബാക്കി 50 ലക്ഷം കോണ്ടങ്ങള്‍ ജനുവരിയില്‍ നല്‍കുമെന്നും പ്രസാദ് വ്യക്തമാക്കി. 

ലൈംഗീകതയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നേരിട്ടു വാങ്ങാനുള്ള ഇന്ത്യക്കാരുടെ മടിയാണ് ഓണ്‍ലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങാനുള്ള മടി തന്നെയാണ് കോണ്ടത്തിന്റെ ഉപയോഗത്തില്‍ വലിയ ഇടിവുണ്ടാക്കുന്നത്. അഞ്ച് ശതമാനം കോണ്ടം മാത്രമാണ് രാജ്യത്ത് വില്‍ക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കോണ്ടത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com