"സിനിമയെ സിനിമയായി കാണണം"; പത്മാവതി വിവാദത്തില്‍ ഹിന്ദുസംഘടനകള്‍ക്കെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

സിനിമ ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തള്ളിക്കളയണം; താന്‍ പത്മാവതിയെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും നഖ്‌വി
"സിനിമയെ സിനിമയായി കാണണം"; പത്മാവതി വിവാദത്തില്‍ ഹിന്ദുസംഘടനകള്‍ക്കെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി : സഞ്ജയി ലീല ബന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘപരിവാര്‍ നിലപാടുകളെ തള്ളി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രംഗത്ത്. "സിനിമയെ സിനിമയായി കാണണം. അതില്‍ ചരിത്രമോ, ഭൂമിശാസ്ത്രമോ തിരുകാന്‍ ശ്രമിക്കേണ്ടെ"ന്നും നഖ്‌വി  പറഞ്ഞു. "സിനിമ ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തള്ളിക്കളയണം; താന്‍ പത്മാവതിയെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും" നഖ്‌വി വ്യക്തമാക്കി. 

സഞ്ജയ് ലീലാ ബന്‍സാലി, ദീപിക പഡുകോണിനെ നായികയാക്കി ഒരുക്കിയ 'പത്മാവതി' എന്ന സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജയ്പൂര്‍ റാണിയായിരുന്ന പത്മാവതിയുടെ കഥപറയുന്ന ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്, രാജ്പുത് സമുദായത്തിന്റെ കര്‍ണി സേന പ്രവര്‍ത്തകര്‍ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. സിനിമ നിരോധിക്കണമെന്നാണ് കര്‍ണി സേനയുടെ ആവശ്യം. 

ഇതിന് പിന്നാലെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന ആരോപണവുമായി സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. റാണിയെ മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ബിജെപി എംഎല്‍എ രാജാസിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com