ജഡ്ജിമാര്‍ക്ക് എതിരായ അഴിമതി ആരോപണം: പരമോന്നത നീതിപീഠത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കി

ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി
ജഡ്ജിമാര്‍ക്ക് എതിരായ അഴിമതി ആരോപണം: പരമോന്നത നീതിപീഠത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി.  ഇത്തരം വിവാദങ്ങള്‍ സുപ്രീംകോടതിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി എന്ന നിരീക്ഷണത്തിന് പിന്നാലെയാണ്   ഹര്‍ജി തളളിയത്.  മെഡിക്കല്‍ കോളേജ് കോഴ കേസില്‍ സിബിഐയുടെ എഫ്‌ഐആര്‍ ഒരു ജഡ്ജിക്കും എതിരെല്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി. അഡ്വ കാമിനി ജയ്‌സ്വാള്‍ സമര്‍പ്പിച്ച ഹര്‍ജി ആര്‍ കെഅഗര്‍വാള്‍, അരുണ്‍ മിശ്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് തളളിയത്.

സുപ്രീംകോടതിയില്‍ രണ്ടാമതും ഹര്‍ജി സമര്‍പ്പിച്ചത് കോടതിയലക്ഷ്യം വിളിച്ചുവരുത്തുന്നതാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന 'ഫോറം ഷോപ്പിങ്' എന്ന നിലയിലാണ് ആദ്യ ഹര്‍ജിയെ കോടതി വിലയിരുത്തിയത്. തുടര്‍ന്നും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടാമതും കോടതിയെ സമീപിച്ചത് കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും ഇത്തരം നടപടികളിലേക്ക് കടക്കാതെ, ജഡ്ജിമാരുമായി സഹകരിച്ച് അഭിഭാഷകര്‍ നിയമവ്യവസ്ഥയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസവും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വരെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളേജ് കോഴ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരമോന്നത കോടതിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം ഉണ്ടാക്കിയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാരുടെ പേരുപറഞ്ഞ് ആരെങ്കിലും പണം തട്ടിയാല്‍ അതിന്റെ ഉത്തരവാദിത്വം ജഡ്ജിമാര്‍ക്ക് ആണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുളളതെന്നും മൂന്നംഗബെഞ്ച് ചോദിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഇടനിലക്കാരനാക്കി മെഡിക്കല്‍ കോളേജുകള്‍ കോഴനല്‍കി സുപ്രീംകോടതിയിലെ ജഡ്ജിമാരെ സ്വാധീനിക്കുന്നു എന്ന ആരോപണമാണ് ഹര്‍ജിക്ക് ആധാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com