നിങ്ങള്‍ രാജിവയ്ക്കുന്നതാണ് നല്ലത്; തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി; അയാള്‍ രാജിവച്ചില്ലേയെന്ന് സിപിഐ നേതാക്കള്‍

മന്ത്രിസഭായോഗം തീരുമ്പോഴേക്കും വിധിപ്പകര്‍പ്പു കിട്ടുമല്ലോ, എന്നിട്ടു നോക്കാം എന്നായിരുന്നു കൂടിക്കാഴ്ച അവസാനിക്കുമ്പോഴുണ്ടായ ധാരണ
നിങ്ങള്‍ രാജിവയ്ക്കുന്നതാണ് നല്ലത്; തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി; അയാള്‍ രാജിവച്ചില്ലേയെന്ന് സിപിഐ നേതാക്കള്‍

തിരുവനന്തപുരം: രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാടാണ് തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സൂചന. എന്നാല്‍ കോടതിയില്‍നിന്നുള്ള വിധിപ്പകര്‍പ്പു കിട്ടട്ടേ, എന്നിട്ടു തീരുമാനിച്ചാല്‍ പോരേ എന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആരായുകയായിരുന്നു. അതിനോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു എന്നാണ് ഉന്നത വൃത്തങ്ങള്‍ വൃത്തമാക്കുന്നത്.

രാവിലെ തോമസ് ചാണ്ടി കാണാനെത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഈ നിലപാടാണ് മുന്നോട്ടുവച്ചത്. നിങ്ങള്‍ രാജിവയ്ക്കുന്നതാണ് നല്ലത് എന്നാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് പറഞ്ഞത്.അപ്പോഴാണ് വിധിപ്പകര്‍പ്പു കിട്ടട്ടെ എന്ന നിലപാട് തോമസ് ചാണ്ടി സ്വീകരിച്ചത്. ദേശീയ നേതൃത്വം ഇങ്ങനെയൊരു നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നും തോമസ് ചാണ്ടിയുടെ ഒപ്പമുണ്ടായിരുന്ന ടിപി പീതാംബരന്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി രാജി ആവശ്യം ഉറപ്പിച്ച് ആവശ്യപ്പെട്ടില്ല. മന്ത്രിസഭായോഗം തീരുമ്പോഴേക്കും വിധിപ്പകര്‍പ്പു കിട്ടുമല്ലോ, എന്നിട്ടു നോക്കാം എന്നായിരുന്നു കൂടിക്കാഴ്ച അവസാനിക്കുമ്പോഴുണ്ടായ ധാരണ. ഇതോടെ തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതിനും സാഹചര്യമൊരുങ്ങി.

തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് അയാള്‍ രാജിവച്ചില്ലേ എന്നായിരുന്നു മുതിര്‍ന്ന സിപിഐ നേതാവിന്റെ പ്രതികരണം. രാവിലെ രാജിയുണ്ടാവുമെന്ന് അത്രയ്ക്ക് ഉറപ്പിലായിരുന്നു സിപിഐ നേതാക്കള്‍. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും രാജികാര്യത്തില്‍ തീരൂമാനം ഉണ്ടാവാതിരുന്നതോടെ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനില്‍ക്കുക എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു. ഇക്കാര്യം ഇ ചന്ദ്രശേഖരനെയാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. മന്ത്രിസഭായോഗത്തിനു മുമ്പ് ചന്ദ്രശേഖരന്റെ ഓഫിസില്‍ സിപിഐ മന്ത്രിമാര്‍ കൂടിയാലോചന നടത്തുന്ന പതിവുണ്ട്. ഇ ചന്ദ്രശേഖരന്റെ ഓഫിസില്‍ എത്തിയ സിപിഐ മന്ത്രിമാര്‍ അവിടെത്തന്നെ തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com