യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കണമെന്ന് ബിജെപി 

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരല്ലെങ്കില്‍ ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ബിജെപി 
യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കണമെന്ന് ബിജെപി 

ന്യൂഡല്‍ഹി : പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിലപാടുകള്‍ നിരന്തരം തുടരുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും രാജിവെയ്ക്കണമെന്ന് ബിജെപി വക്താവ്. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരല്ലെങ്കില്‍ ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു വ്യക്തമാക്കി. ഇരുവരും തുടര്‍ച്ചയായി പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുകയാണെന്നും  ബിജെപി വക്താവ് ആരോപിച്ചു.

ചരക്കുസേവന നികുതി വികലമായി അവതരിപ്പിച്ച അരുണ്‍ ജെയ്റ്റലി രാജിവെയ്ക്കണമെന്ന് യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും യശ്വന്ത് സിന്‍ഹ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ച്ചയായി അരുണ്‍ ജെയ്റ്റലിയെ വിമര്‍ശിക്കുന്ന യശ്വന്ത് സിന്‍ഹ ഇക്കാര്യത്തില്‍ ഒരു പടി കൂടി കടന്നിരിക്കുകയാണ്. സമാനമായി വിമര്‍ശന ശരങ്ങള്‍ എയ്ത് ശത്രുഘ്‌നന്‍ സിന്‍ഹയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അടുത്തകാലത്തായി ഇരുവരും സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഇരുവരുടെയും രാജി ആവശ്യം ഉന്നയിച്ച് കൃഷ്ണ സാഗര്‍ റാവു രംഗത്ത് വന്നത്. 

പാര്‍ട്ടിയിലെ വണ്‍ മാന്‍ ഷോയും, ടു മെന്‍ ആര്‍മിയും അവസാനിപ്പിച്ച് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തു ഉയരാന്‍ ബിജെപി തയ്യാറാകണമെന്ന് ലോക്‌സഭാംഗമായ ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദിയെയും, അമിത് ഷായെയും ഉദ്ദേശിച്ചുളള ഈ പരാമര്‍ശത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ എല്ലാം ഇരുവരും പാര്‍ട്ടിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം നിലപാടുകള്‍ എതിരാളികള്‍ക്ക് അവസരമാകുന്നതായും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് കടുപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com