23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടായാല്‍ തെറ്റെന്ത് ? സെക്‌സ് വീഡിയോ മോര്‍ഫ് ചെയ്തതെന്നും ഹാര്‍ദിക് പട്ടേല്‍

സെക്‌സ് വീഡിയോ കാട്ടി തകര്‍ക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടപ്പാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍
23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടായാല്‍ തെറ്റെന്ത് ? സെക്‌സ് വീഡിയോ മോര്‍ഫ് ചെയ്തതെന്നും ഹാര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍ : പട്ടീദാര്‍ സമുദായം സംവരണ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തെ, തനിക്കെതിരായ സെക്‌സ് വീഡിയോ കാട്ടി തകര്‍ക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടപ്പാകില്ലെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍. തന്നെ തകര്‍ക്കാനോ, പിന്തിരിപ്പിക്കാനോ, ബ്ലാക്ക് മെയില്‍ ചെയ്യാനോ അവര്‍ക്ക് കഴിയില്ല. അതിനാലാണ് 23 കാരനായ തന്നെ സ്വഭാവഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യാജ വീഡിയോയുമായി ബിജെപി രംഗത്തെത്തിയതെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. 

തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്തതാണ്. തന്റെ രൂപസാദൃശ്യമുള്ള ഒരാളെ വെച്ച് ചിത്രീകരിച്ചതാണ് ഇത്. താന്‍ ഈ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്കായി വിദേശത്തെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. അവരും വീഡിയോ വ്യാജമാണെന്ന് അറിയിച്ചതായി ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. തന്റെ പ്രതിശ്രുത വധുവുമൊത്തുള്ള വീഡിയോ ആയിരുന്നു ഇതെങ്കില്‍ താന്‍ അക്കാര്യം ധൈര്യപൂര്‍വം സമ്മതിക്കുമായിരുന്നെന്നും ഹാര്‍ദിക് പറഞ്ഞു. 

അഥവാ താന്‍ അസാന്മാര്‍ഗി ആണെന്നിരിക്കട്ടെ, ബിജെപിക്കാരോട് തനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. എന്തേ 23 കാരനായ യുവാവിന് വനിതാ സുഹൃത്തുക്കളുണ്ടായിക്കൂടേ.. 50 കാരന് മാത്രമേ ഗേള്‍ ഫ്രണ്ട്‌സ് ഉണ്ടാകാന്‍ പാടുള്ളൂ എന്നും ഹാര്‍ദിക് ചോദിച്ചു. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പോയി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് താന്‍ അവിവാഹിതനാണ് എന്നാല്‍ സന്യാസിയല്ലെന്ന്...തെരഞ്ഞെടുക്കപ്പെട്ട ഒരു ബിജെപി അംഗം ബസില്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായിരുന്നു. എന്തേ ബിജെപി ഇക്കാര്യം പറയാത്തത്. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മല്‍സരമല്ല, ബിജെപിയും ഹാര്‍ദികും തമ്മിലുള്ള പോരാട്ടമാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 

ബിജെപിയാണ് സംസ്ഥാന ഭരണം നടത്തുന്നത്. പൊലീസ് അവരുടെ കയ്യിലാണ്. അതുകൊണ്ടാണ് വീഡിയോയ്‌ക്കെതിരെ പരാതിയുമായി പോകാത്തത്. നിയമയുദ്ധവുമായി പോയാലും ബിജെപി ഭരണത്തിലുള്ള സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. തന്റെ സുഹൃത്തുക്കളായിരുന്ന വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ എന്നിവരെ ബിജെപി അടര്‍ത്തിയെടുത്തത് തന്നെ ബാധിച്ചിട്ടില്ല. അവര്‍ പോയതിന് ശേഷം താന്‍ മെഗാ റാലികള്‍ നടത്തിയിരുന്നു. ഇതിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. തനിക്കെതിരെ സെക്‌സ് വീഡിയോ പുറത്തുവിട്ടത് തന്റെ സമുദായാംഗങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നതിന് ഇത് തെളിവാണെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 

ഗുജറാത്തില്‍ താന്‍ കിംഗ് മേക്കറാകാനില്ല. ജനങ്ങളുടെ വികാരം അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോള്‍ എന്തായാലും രാഷ്ട്രീയ പ്രവേശനത്തിനില്ല. എന്നാല്‍ ഭാവിയെക്കുറിച്ച് പറയാന്‍ കഴിയില്ല. ഭാവിയിലെ കാര്യം അപ്പോഴത്തെ സാഹചര്യം അനുസരിച്ചായിരിക്കും. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച തൃപ്തികരമാണ്. സംവരണം അടക്കം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അനുഭാവ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സംവരണക്കാര്യത്തില്‍ ഭരണഘടന അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഇതുവരെ കോണ്‍ഗ്രസുമായി സക്യം ഉണ്ടാക്കിയിട്ടില്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com