അമ്മയുടെ യാചന ഫലിച്ചു, ലഷ്‌കര്‍ ഇ തോയ്ബയില്‍ അംഗമായ കശ്മീരി ഫുട്‌ബോളര്‍ മടങ്ങിവന്നു

ഒരേ ഒരു മകനായ നീ തിരിച്ചുവരണം എന്ന നിലയിലുളള അമ്മയുടെ വാക്കുകള്‍ മകനെ മാനസാന്തരപ്പെടുത്തുകയായിരുന്നു
അമ്മയുടെ യാചന ഫലിച്ചു, ലഷ്‌കര്‍ ഇ തോയ്ബയില്‍ അംഗമായ കശ്മീരി ഫുട്‌ബോളര്‍ മടങ്ങിവന്നു

ശ്രീനഗര്‍:  തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയില്‍ അംഗമായ കശ്മീരി ഫുട്‌ബോളര്‍ സുരക്ഷാ സേനയ്ക്ക് മുന്‍പില്‍ കീഴടങ്ങി. കഴിഞ്ഞ ആഴ്ചയാണ് നാടിനെ കണ്ണീരിലാഴ്ത്തി 20 വയസുകാരന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്.  കശ്മീരിലെ അനന്തനാഗ് സ്വദേശിയായ മജീദ് ഖാനാണ് അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങിയെത്തിയത്. രണ്ടാംവര്‍ഷ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ ഈ വിദ്യാര്‍ത്ഥി പഠനത്തില്‍ മിടുക്കനായിരുന്നു. മികച്ച ഫുട്‌ബോള്‍ താരം കൂടിയായ യുവാവ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത് നാടിനെയും കുടുംബത്തെയും ദു:ഖത്തിലാഴ്ത്തിയിരുന്നു. ഒന്‍പതാംക്ലാസ് മുതല്‍ അനന്ത് നാഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് -ഫുട്‌ബോള്‍ ക്ലബില്‍ അംഗമാണ് മജീദ് ഖാന്‍.

അമ്മ ആയിഷയുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും യാചനയുടെയും ഒടുവില്‍ മജീദ് ഖാന്‍ സുരക്ഷാ സേനയ്ക്ക് മുന്‍പില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരേ ഒരു മകനായ നീ തിരിച്ചുവരണം എന്ന നിലയിലുളള അമ്മയുടെ വാക്കുകള്‍ മകനെ മാനസാന്തരപ്പെടുത്തുകയായിരുന്നു. 

വ്യാഴാഴ്ച രാത്രി സുരക്ഷാ സേനയ്ക്ക് മുന്‍പില്‍ മജീദ് ഖാന്‍ കീഴടങ്ങുകയായിരുന്നുവെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   ധീരമായ തീരുമാനമാണ് മജീദ് ഖാന്‍ സ്വകരിച്ചത് എന്ന് മേജര്‍ ജനറല്‍ ബി എസ് രാജു പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് ഉടന്‍ തന്നെ മടങ്ങിപോകാന്‍ കഴിയുമെന്ന് മജീദ് ഖാന് ഉറപ്പുനല്‍കിയതായും ബി എസ് രാജു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com