ഇഷ്ടപ്പെട്ട ബിരിയാണിയുണ്ടാക്കി കൊടുത്തില്ല; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ഭാര്യയെ വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കി

കംപ്യൂട്ടര്‍ എന്‍ജിനീയറായ ഇയാള്‍ ഇത് രണ്ടാമത്തെ തവണയാണ് ഇതേ കാരണം പറഞ്ഞ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത്
ഇഷ്ടപ്പെട്ട ബിരിയാണിയുണ്ടാക്കി കൊടുത്തില്ല; കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ഭാര്യയെ വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കി

ഹൈദരാബാദ്: ഭര്‍ത്താവിന് ഏറ്റവും പ്രീയപ്പെട്ട ബിരിയാണിയുണ്ടാക്കിക്കൊടുക്കാത്തതിന് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. തെലുങ്കാനയിലെ വാറങ്ങല്‍ ജില്ലയില്‍ താമസിക്കുന്ന 25 കാരിയായ മാനസയാണ് ഭര്‍ത്താവ് രാജേന്ദ്ര പ്രസാദിനെതിരേ പരാതി നല്‍കിയത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ ഇയാള്‍ ഇത് രണ്ടാമത്തെ തവണയാണ് ഇതേ കാരണം പറഞ്ഞ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത്. 

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. വിചിത്രമായ കാരണം പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് വര്‍ധാന്നപെട്ടിലെ ഇല്ലന്‍ഡ ഗ്രാമത്തിലുള്ള വീടിനുമുന്നില്‍ മാനസ പ്രതിഷേധം നടത്തിയിരുന്നു. വീട്ടില്‍ കയറാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

കടുത്ത മദ്യപാനിയായ രാജേന്ദ്രന്‍ എല്ലാ ദിവസവും ബിരിയാണി ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ മാനസ മികച്ച പാചകക്കാരിയല്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ താല്‍പ്പര്യത്തിനനുസരിച്ച് ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ തന്നെ എപ്പോഴും ഉപദ്രവിക്കുമെന്ന് മാനസ വ്യക്തമാക്കി. രാജേന്ദ്രന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. 

കഴിഞ്ഞ നവംബറിലാണ് മാനസ രാജേന്ദ്രനെ വിവാഹം ചെയ്യുന്നത്. ജനുവരിയിലാണ് ബിരിയാണിവെക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ആദ്യമായി മാനസയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. അതിന് ശേഷം വീട്ടിലെ മുതിര്‍ന്നവര്‍ എല്ലാവരും ചേര്‍ന്ന് സംസാരിച്ച് ജൂണില്‍ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചുവന്ന് ബിരിയാണ് ആവശ്യപ്പെട്ടതാണ് വീണ്ടും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്. ബിരിയാണി വെക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തന്നെ ക്രൂരമായി തല്ലിയെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും മാനസ ആരോപിച്ചു. 

പ്രദേശത്തെ പ്രാദേശിക വനിത ആവകാശ പ്രവര്‍ത്തകരുടെ പിന്തുണയിലാണ് മാനനസ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗാര്‍ഹിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഭര്‍ത്താവിനേയും വീട്ടുകാരേയും ഇതിനെക്കുറിച്ച് പറഞ്ഞു മനസിലാക്കാനുള്ള ശ്രമവും പൊലീസ് നടത്തി. എന്നാല്‍ ഇനിയും ഇത്തരത്തിലുള്ള നടപടിയുണ്ടായാല്‍ രാജേന്ദ്രനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com