നോട്ട് അസാധുവാക്കല്‍ അറിഞ്ഞില്ല, സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്കായി കൂട്ടിവെച്ചത് 71,500 രൂപയുടെ അസാധു നോട്ടുകള്‍

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത് സഹോദരി പുത്രന്‍ അറിയിച്ചെങ്കിലും അവരത് വിശ്വസിച്ചില്ല
നോട്ട് അസാധുവാക്കല്‍ അറിഞ്ഞില്ല, സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്കായി കൂട്ടിവെച്ചത് 71,500 രൂപയുടെ അസാധു നോട്ടുകള്‍

വില്ലുപുരം: ജീവിതകാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്കായിട്ടായിരുന്നു അവര്‍ നീക്കിവെച്ചത്. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം കടന്നു പോകവോ, മരണാനന്തര ചടങ്ങുകള്‍ക്കായി സ്വരുക്കൂട്ടി വെച്ചിരുന്ന പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അറിയാതെ ആ എണ്‍പതുകാരിയും കടന്നു പോയി. 

തമിഴ്‌നാട്ടിലെ പെരിയമാമ്പട്ടു എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ലക്ഷ്മി എന്ന സ്ത്രീയായിരുന്നു വ്യാഴാഴ്ച മരിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചു. ജനിച്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മകനും മരിച്ചു. സഹോദരന്റെ ഒപ്പമായിരുന്നു ലക്ഷ്മിയുടെ താമസം. 

കുടുംബത്തിന്റെ ജീവിത ചിലവ് കൂട്ടിമുട്ടിക്കാന്‍ സഹോദരന്റെ മകന്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയ ലക്ഷ്മി അടുത്തുള്ള ഫാക്ടറിയില്‍ ദിവസവേദനത്തിന് ജോലിക്ക് പോയിരുന്നു. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ അവര്‍ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. താന്‍ മരിച്ചതിന് ശേഷമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ സഹോദര പുത്രന്റെ കയ്യില്‍ പണമുണ്ടാകില്ലെന്ന ചിന്ത ലക്ഷ്മിയെ അലട്ടിയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. 

മരണാനന്തര ചടങ്ങുകള്‍ ഒന്നും ഇല്ലാതെ പഞ്ചായത്ത് തന്റെ മൃതദേഹം അടക്കം ചെയ്യുമോ എന്ന് പേടിച്ചായിരുന്നു ലക്ഷ്മി പണം സമ്പാദിക്കാന്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച സമയത്ത് സഹോദര പുത്രന്‍ ലക്ഷ്മിയോട് കാര്യം പറയുകയും, പഴയ നോട്ടു ഉണ്ടെങ്കില്‍ മാറിയെടുക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ലക്ഷ്മി തയ്യാറായില്ല. 

മരണാനന്തര ചടങ്ങുകള്‍ക്കായിട്ടാണ് തന്റെ സമ്പാദ്യമെന്നും, അത് തന്റെ മരണത്തിന് ശേഷമെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളു എന്നും ലക്ഷ്മി പറഞ്ഞതായി സഹോദരി പുത്രന്‍ പറയുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ തളര്‍ന്ന് കിടപ്പിലായിരുന്നു അവര്‍. അരയോട് ചേര്‍ത്ത് കെട്ടിയിരുന്ന പേഴ്‌സില്‍ നിന്നുമാണ് കുടുംബാംഗങ്ങള്‍ക്ക് അസാധുവായ 500 രൂപ നോട്ടുകളുമായി  71,500 രൂപ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com